ഒരു ഓട്ടോയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്.. പത്തുമാസത്തെ കാത്തിരിപ്പ്.. ഒടുവില്‍ ഒരുമനുഷ്യന് ജീവനൊടുക്കേണ്ടി വന്ന ദുരവസ്ഥ. മലപ്പുറം കിഴിശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയുടെ മരണത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഉയരുന്നത് അതീവ ഗുരുതര ആരോപണങ്ങളാണ്. ഏജന്റിന് പണം നല്‍കാതെ നേരിട്ട് സമീപിച്ചാല്‍ ഫിറ്റ്നസ് നിഷേധിക്കപ്പെടുന്ന സംവിധാനമായി മാറിയിരിക്കുന്നു മോട്ടോര്‍വാഹന വകുപ്പെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതാണ് തന്‍റെ ജീവിതമാര്‍ഗം തകര്‍ത്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഷൗക്കത്തലി പറയുന്നു. സിസ്റ്റത്തോടുള്ള പ്രതിഷേധമാണ് തന്റെ മരണമെന്നും ആഭ്യന്തരമന്ത്രിയും ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്നും പറയുന്നുണ്ട് ഷൗക്കത്തലി. കൊണ്ടോട്ടി സബ് ആര്‍ടി ഓഫിസിനെതിരെ സമാന ആരോപണങ്ങളാണ് മറ്റ് ഓട്ടോഡ്രൈവര്‍മാരും ഉയര്‍ത്തുന്നത്. സത്യസന്ധമായ, പക്ഷഭേദമില്ലാത്ത അന്വേഷണത്തിലൂടെ തെളിയേണ്ടതാണ് എല്ലാം. ഒരു വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ഒരു പൗരന് സംവിധാനത്തിന്റെ മുന്നില്‍ ഇത്രയേറേ നിസഹായനായി മാറേണ്ടിവന്നതെങ്ങനെയാണ്? സംവിധാനത്തെ അടിമുടി പരിശോധിക്കേണ്ട മുന്നറിയിപ്പാണോ ഇത്? ആര്‍ടി ഓഫിസുകളില്‍ ഏജന്റുമാരാണോ ശരിക്കും ഏമാന്‍മാര്‍?

ENGLISH SUMMARY:

Shaukathali's death is a significant event raising questions about the RTO agent system and potential corruption within Kerala's transport department. This case highlights the alleged exploitation by agents and the broader implications for government oversight and public trust.