മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ പേര് ‘അമ്മ’ എന്നാണ്. ആ പേരിടുമ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ കരുതിയത് ഒരമ്മ പെറ്റ മക്കളെ പോലെ എല്ലാവരും ഒന്നിച്ചുനില്‍ക്കുമെന്നാണ്. എന്നാല്‍ സംഘടനാരൂപം വന്ന ശേഷം പലതവണ പലതരത്തിലുള്ള പ്രശ്നങ്ങള്‍ സംഘടനയില്‍ ഉടലെടുത്തു. പരദൂഷണവും പാരവയ്പ്പും പതിവായി. സംഘടന വളരുന്നതിനൊപ്പം പ്രശ്നങ്ങളും വളര്‍ന്നു. നടിയാക്രമിക്കപ്പെട്ട സംഭവത്തിനുശേഷമാണ് ഒരു പിളര്‍പ്പിലേക്ക് താരസംഘടനയെത്തുന്നത്. ഒരുസംഘം വനിതകള്‍ സംഘടനയില്‍നിന്ന് പുറത്തുപോയി WCC രൂപീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും, അതിനുശേഷം വന്ന പീഡനാരോപണങ്ങളും അമ്മയെ പിടിച്ചുകുലുക്കി. ഭരണസമിതി അംഗങ്ങള്‍പോലും പ്രതികളായി മാറി. മോഹന്‍ലാല്‍ പ്രസിഡന്റായ ഭരണസമിതി രാജിവയ്ക്കുന്നത് നമ്മള്‍ കണ്ടു. അതിനുശേഷമാണ് ചരിത്രം പിറന്നത്. അമ്മയ്ക്ക് ആദ്യമായി വനിതാ നേതൃത്വം. പ്രതീക്ഷകളോടെ ചുമതലയേറ്റ ആ നേതൃത്വത്തിന് ഒരു വര്‍ഷം തികയ്ക്കാനായില്ല. പത്തുമാസമാകുമ്പോള്‍ ഭരണസമിതിയൊന്നാകെ രാജിവച്ചിരിക്കുന്നു. പ്രസിഡന്റായിരുന്ന ശ്വേതമേനോന്‍ അംഗത്വം തന്നെ രാജിവച്ചു. പിന്നീടിതാ തുടരെ രാജിപ്രഖ്യാപനങ്ങള്‍. അംഗങ്ങളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും തുടരുകയാണ്. അമ്മയില്‍ സംഭവിക്കുന്നതെന്താണ്? ആരാണ് യഥാര്‍ഥ പ്രശ്നക്കാര്‍?