ഇന്ധന-പാചകവാതക വിലക്കയറ്റത്തിന്റെ ഭാരത്തിൽ സാധാരണക്കാർ നട്ടംതിരിയുന്നതിനിടെ ആഗോള വിപണിയിൽ ആശ്വാസസൂചനകൾ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വില, സമാധാനശ്രമങ്ങൾ ഫലം കാണുന്നതോടെ ഗണ്യമായി താഴ്ന്നിരിക്കുകയാണ്.

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തിയതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 75 മുതൽ 78 ഡോളർ വരെയായി താഴ്ന്നതായാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും വിപണിയിലുണ്ട്.

ഇന്ത്യയുടെ ഇന്ധനവില നിർണയത്തിൽ അന്താരാഷ്ട്ര ക്രൂഡ് വിലയ്ക്ക് നിർണായക സ്വാധീനമുണ്ടെങ്കിലും, ആഗോള വിപണിയിൽ വില കുറഞ്ഞതിന്റെ നേട്ടം ഉടൻ ഉപഭോക്താക്കളിലേക്ക് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ക്രൂഡ് വില വർധിച്ച കാലയളവിൽ ഉണ്ടായ നഷ്ടം നികത്തിയ ശേഷമേ ഇന്ധനവിലയിൽ ഇളവ് പരിഗണിക്കൂ എന്ന നിലപാടിലാണ് പൊതുമേഖല എണ്ണക്കമ്പനികൾ. അതിനാൽ ആഗോള വിപണിയിൽ വില കുറഞ്ഞാലും പെട്രോൾ, ഡീസൽ, പാചകവാതക വിലകളിൽ ഉടൻ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് സൂചന. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരിൽ ഒന്നായ ഇന്ത്യ, ആവശ്യത്തിന്റെ വലിയൊരു പങ്കും വിദേശരാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ രാജ്യത്തെ ഇന്ധനവിലയിലും നേരിട്ട് പ്രതിഫലിക്കാറുണ്ട്. 

ഇന്ധനവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്. ക്രൂഡ് വിലയിലെ ഇടിവ് തുടർന്നാൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന നടപടികൾ കേന്ദ്രം സ്വീകരിക്കുമോയെന്ന ചോദ്യത്തിനാണ് രാജ്യം ഉറ്റുനോക്കുന്നത്.

കൂട്ടിയ ഇന്ധനവില ചില്ലറയെങ്കിലും ആഗോള സാഹചര്യത്തില്‍ കുറച്ച ചരിത്രമുണ്ട്. ഇന്ധന വില കുറയ്ക്കണ്ടേ . നിങ്ങള്‍ പറയൂ...

ENGLISH SUMMARY:

Global oil markets are showing signs of relief amidst ongoing fuel and cooking gas price hikes impacting common people. While crude oil prices have fallen significantly due to peace efforts in the West Asian conflict, consumers in India may not see immediate benefits due to the stance of public sector oil companies.