'സ്വകാര്യത', ഏതൊരു മനുഷ്യനെ സംബന്ധിച്ചും അതൊരു ഭരണഘടനാ അവകാശമാണ്. സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം അങ്ങേ തലയ്ക്കല്‍ എത്തി നില്‍ക്കുന്നു. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്‍ സലിം കുമാറിന്‍റെ മരണവീട്ടില്‍ കണ്ടത്.
മരിച്ചത് ഒരു സെലിബ്രിറ്റി ആണെങ്കില്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് സ്വകാര്യത വേണ്ടെന്ന തരത്തിലാണ് പെരുമാറ്റം. മരണവീടുകളിലെത്തുന്ന സെലിബ്രിറ്റികളുടെ ഒപ്പം സെല്‍ഫിയെടുക്കുന്നു. അവരുടെ വേഷം, പെരുമാറ്റം, സങ്കടം, തുടങ്ങി, ഓരോ നിമിഷവും ഒപ്പിയെടുത്ത് പല ക്യാപ്ഷനുകളില്‍ സോഷ്യല്‍മീഡിയയില്‍ ഇടുന്നു.
ശ്രീനിവാസന്‍ മരിച്ചപ്പോഴും, സലിംകുമാര്‍ മരിച്ച സമയത്തുമൊക്കെ അത്ര മോശമായ കാഴ്ചകളാണ് നമ്മള്‍ കണ്ടത്. ഒരു സെലിബ്രിറ്റിയും ആരുടെയും പൊതുസ്വത്തല്ല. സ്വകാര്യമായി അവര്‍ക്ക് വിട നല്‍കാന്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. ഒരായുഷ്കാലത്തെ മുഴുവന്‍ ഓര്‍മകളുമായി, ആകെ തകര്‍ന്ന് നില്‍ക്കുന്നവരോട് ഒരല്‍പം കരുണ വേണ്ടേ?
വിദേശരാജ്യങ്ങളിലൊക്കെ, എത്രയോ മാന്യമായാണ് വിടപറച്ചിലുകള്‍. വിദ്യാസമ്പന്നരായ നമ്മള്‍, സ്വകാര്യത എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു മൗലികാവകാശമാണെന്ന് എന്നാണ് തിരിച്ചറിയുക ? മരണവീടുകളില്‍ നിന്ന് റീലുണ്ടാക്കാന്‍ നടക്കുന്നവരോടാണ്, അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവും രണ്ടുലക്ഷം പിഴയും ലഭിക്കാം. സ്ഥലവും കാലവും അറിഞ്ഞ് പെരുമാറണ്ടേ ? നിങ്ങള്‍ പറയൂ... മരണവീടുകളില്‍ മര്യാദവേണ്ടേ ?