പോറ്റിയേ കേറ്റിയെ പാരഡി ഗാനത്തിനെ കേസെടുത്ത് മുപ്പത്തിയെട്ടാം മണിക്കൂറില്‍ പാട്ട് കേസിന് അകാലചരമം. കേസെടുത്ത് നാണംകെട്ടതോടെ പിണറായി സര്‍ക്കാരിന്റെ യുടേണ്‍. നിലവിലെ കേസില്‍ തുടര്‍നടപടികള്‍ മരവിപ്പിക്കും. പുതിയ കേസുകള്‍ എടുക്കില്ല. . എന്നുവച്ചാല്‍ പാട്ടിനെതിരെയെടുത്ത കേസില്‍ പ്രതികളെ ചോദ്യം ചെയ്യില്ല. സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ നോട്ടീസും അയക്കില്ല. നാട്ടുകാരുടെ ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും കയറി പാട്ട് ഡിലീറ്റ് ചെയ്യാനുള്ള പണിയും അവസാനിപ്പിക്കും. പാട്ടിനെതിരെ പുതിയ പരാതികള്‍ ലഭിച്ചാല്‍ കണ്ടഭാവവും നടിക്കില്ല, അങ്ങനെയാണ് നിര്‍ദേശം. ഇതുവരെ പാട്ട് കേള്‍ക്കാത്തവര്‍ പോലും പാട്ട് തപ്പിയെടുത്ത് കേള്‍ക്കാനും ഏറ്റുപാടാനും തുടങ്ങിയതോടെ സര്‍ക്കാരിന് അബദ്ധം മനസിലായി. കേസെടുത്ത് പാട്ടിനെ കൊല്ലാമെന്ന ബുദ്ധി മണ്ടത്തരമായി പോയെന്നും നാട്ടുകാര്‍ മുഴുവന്‍ പാട്ട് ഏറ്റെടുത്തെന്നുമുള്ള തിരിച്ചറിവ് ഇന്ന് രാവിലെയാണോ മുഖ്യമന്ത്രിയുടെ വകുപ്പിന് ഉണ്ടായത് എന്നാണ് ചോദ്യം