ദൈവത്തിന്റെ സ്വന്തം നാട്, അതാണ് നമ്മള്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്ന പരസ്യവാചകം. കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍, ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി എത്തുന്ന വിനോദസഞ്ചാരികള്‍ നമ്മുടെ സാമ്പത്തികമേഖലയുടെ തന്നെ സുപ്രധാന ഘടകമാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളിലെ ലക്ഷക്കണക്കിന് പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ഈ നാട്ടില്‍ ജീവിക്കുന്നത്. വിനോദസഞ്ചാരികളെ മര്യാദയോടെ സ്വീകരിക്കുകയും അവര്‍ക്ക് ഈ നാട്ടിലെവിടെയും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈ സ്വദേശിനിയായ അധ്യപിക ജാന്‍വി മൂന്നാര്‍ സന്ദര്‍ശനത്തിനിടെ ടാക്സി ഡ്രൈവര്‍മാരില്‍നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. സഹായിക്കുമെന്ന് പ്രതീക്ഷിച്ച പൊലീസും അവരെ നിരാശപ്പെടുത്തി. എന്തായാലും ഇന്നത്തെ വാര്‍ത്ത, ജാന്‍വിയോട് മോശമായി പെരുമാറിയ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു എന്നതാണ്. രണ്ട് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നേരിട്ടത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിന്നീട് തനിക്ക് ലഭിച്ച സന്ദേശങ്ങളില്‍നിന്ന് വ്യക്തമായതായും ജാന്‍വി പറയുന്നുണ്ട്. കഴിഞ്ഞദിവസം വര്‍ക്കലയില്‍ ജര്‍മന്‍ യുവതിക്കുമുണ്ടായി മോശം അനുഭവം. ഇതെല്ലാം കേരളത്തെക്കുറിച്ച് ലോകത്തിന് നല്‍കുന്ന സന്ദേശമെന്താണ്? ടൂറിസ്റ്റുകളോട് മര്യാദ മറക്കുന്നുണ്ടോ?