തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന യൂറോളജി വിഭാഗം വകുപ്പ് മേധാവിയുടെ വെളിപ്പെടുത്തലാണ് ആരോഗ്യകേരളം രണ്ട് ദിവസമായി ചര്‍ച്ച ചെയ്യുന്നത്. മകന്‍റെ പ്രായമുള്ള വിദ്യാർഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടിവന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്ന് ഡോ.ഹാരീസ് ചിറയ്ക്കലാണ് വെളിപ്പെടുത്തിയത്. താനൊന്നുമറിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞപ്പോള്‍ മന്ത്രിയുടെ ഓഫിസിനെ അറിയിച്ചതിന്‍റെ വിവരങ്ങള്‍ ഡോക്ടര്‍ തന്നെ വെളിപ്പെടുത്തി. പിരിവെടുത്ത് രോഗികള്‍ തന്നെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങേണ്ടി വരുന്ന ഗതികേടും ഇരന്ന് മടുത്തെന്നും ഡോക്ടര്‍ തുറന്നടിച്ചു. ആരോഗ്യരംഗത്തെ പരാധീനതകള്‍ എണ്ണിപ്പറഞ്ഞത് ഇടതുപക്ഷക്കാരന്‍ കൂടിയായ ഡോക്ടര്‍ തന്നെ ആയതോടെ രാഷ്ട്രീയമായി ഡോക്ടറെ തള്ളാനും വയ്യാത്ത വിധം സര്‍ക്കാര്‍ കുരുങ്ങി. ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയാണെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന് എന്താണ് മറുപടി പറയാനുള്ളത്. ഏറ്റവും അടിസ്ഥാന ഇടപെടല്‍ ആവശ്യമായ ആരോഗ്യരംഗത്തെ മാറ്റി നിര്‍ത്തി മറ്റെന്തില്‍ നമ്മള്‍ മുന്നേറിയിട്ട് എന്ത് കാര്യം.