ചെങ്ങന്നൂർ കാരക്കാട് ആളില്ലാത്ത വീട് കുത്തി തുറന്ന് 30 പവൻ സ്വർണാഭരണം കവർന്നു. കാരക്കാട് മലയുടെ വടക്കേതിൽ മഞ്ചേഷ് മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. സിസിടിവിയും തകർത്തു.
ശനിയാഴ്ച രാത്രിയായിരുന്നു കവർച്ച. മഞ്ചേഷിൻ്റെ അമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ വീട്ടുകാർ ആശുപത്രിയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. പൂജാമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി. കിടപ്പുമുറികളിലെയും മറ്റ് മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി ക്യാമറകളുടെ കണക്ഷൻ വിച്ഛേദിച്ച് ഡിവിആർ തകർത്ത് ഹാർഡ് ഡിസ്ക് കവർന്നു.
ഞായറാഴ്ച രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്തു കയറി പരിശോധിച്ചപ്പോൾ കവർച്ചാ വിവരമറിഞ്ഞു. 30 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 35 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.