തിരുവനന്തപുരം കഴക്കൂട്ടത്ത് വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം. വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയത്താണ് അടുക്കള വാതിൽ തകർത്ത് 20 പവനും അൻപതിനായിരം രൂപയും മോഷ്ടാക്കൾ കവർന്നത്. കഴക്കൂട്ടം സിെഎയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
കഴക്കൂട്ടത്തെ വ്യാപാരിയായ ഷാജി വാടകയ്ക്ക ് താമസിക്കുന്ന ഫ്ലാറ്റിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ശനിയാഴ്ച ഇവർ കുടുംബ സമേതം വിനോദ യാത്രയ്ക്ക് പോയിരുന്നു.തിങ്കളാഴ്ച രാത്രി മടങ്ങിയെത്തിയശേഷം വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.അലമാരയിൽ സൂക്ഷിച്ചിരുന്നു സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.വീട്ടിലെ എല്ലാ അലമാരകളും കുത്തിതുറന്ന നിലയിലായിരുന്നു. സമീപത്തെ വീട്ടിൽ നിന്നുള്ള വെട്ടുകത്തി ഉപയോഗിച്ചാണ് അടുക്കള വാതിൽ തകർത്തത്.തുടർന്ന് അതിഥി മുറിയിലേയ്ക്കുള്ള ചില്ല് വാതിലും തകർത്തു.ആഭരണങ്ങളും പണവും കൂടാതെ ആഡംബര വാച്ചുകളും വസ്ത്രങ്ങളഉം മോഷ്ടാക്കൾ കവർന്നു.പൊലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷ്ണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.