കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ തൊട്ടുകൂടായ്മ എന്ന അനാചാരം നടപ്പാക്കിയെന്ന് പൊലീസില്‍ പരാതി. ദളിത് കുടുംബം തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. പകരം ഹോട്ടലില്‍ നിന്ന് ഭക്ഷണം വരുത്തി കഴിച്ചുവെന്നും ദളിത് നേതാവ് മാണ്ഡ്യ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് ബി.എസ്. യെഡിയൂരപ്പ ദളിത് കുടുംബത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത്. എന്നാല്‍ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണമല്ല കഴിച്ചതെന്നും പകരം ഹോട്ടലില്‍ നിന്ന് വരുത്തിച്ചതാണെന്നും ആരോപണം ഉയര്‍ന്നു. യെഡിയൂരപ്പയുടെ പ്രവര്‍ത്തി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും തൊട്ടുകൂടായ്മയെന്ന അനാചാരമാണ് നടത്തിയതെന്നും ആരോപിച്ചാണ് മണ്ഡ്യ പൊലീസില്‍ ദളിത് സംഘടന നേതാവ് പരാതി നല്‍കിയത്. എന്നാല്‍ ഇഷ്ട ഭക്ഷണം ഹോട്ടലില്‍ നിന്ന് വരുത്തിച്ച് കഴിക്കുമാത്രമാണ് ചെയ്തതെന്നും ദളിത് കുടുംബം തയ്യാറാക്കിയ പുലാവ് യെഡിയൂരപ്പ കഴിച്ചുവെന്നും ബി.ജെ.പി വിശദീകരിച്ചു. അത്രയും പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ കഴിയാത്തതിനാലാണ് ഹോട്ടല്‍ ഭക്ഷണം തങ്ങള്‍ വാങ്ങിയതെന്ന് ആതിഥ്യമരുളിയ ഗൃഹനാഥന് വിശദീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്
സംഭവത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് പറഞ്ഞ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , ബി ജെ പിയുടെ ദളിത് സ്നേഹം കാപട്യമാണെന്ന് തെളിഞ്ഞതായും ആരോപിച്ചു.