ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. 2019 മുതലുള്ള സംഭവ വികാസങ്ങള്‍ പലതും വിദഗ്ധമായും തയാറാക്കിയ പദ്ധതിയാണെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. അതിന്റെ കാരണങ്ങള്‍ അല്‍പം മുമ്പ് പുറത്തുവന്ന ഉത്തരവില്‍ കോടതി എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. ദേവസ്വം മാനുവലിന് വിരുദ്ധമായി അയ്യപ്പന്റെ സ്വത്ത് പുറത്തേക്ക് കൊണ്ടുപോയി, ചെമ്പുപാളിയെന്ന് രേഖപ്പെടുത്തി, 2021ല്‍ തിരിച്ചുവന്നപ്പോള്‍ തിരുവാഭരണം റജിസ്റ്ററിലോ മറ്റേതെങ്കിലും റജിസ്റ്ററിലോ ഇല്ല, അത് ആകസ്മികമല്ല. മുന്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും 2025ലും ദ്വാരപാലക ശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പിച്ചു, എല്ലാവര്‍ക്കുമറിയാം 98–99കാലത്ത് സ്വര്‍ണം പൊതിഞ്ഞതാണെന്ന്. എന്നിട്ടും ചെമ്പെന്ന് പറഞ്ഞ് പോറ്റിക്ക് ഒരു പരിശോധനയുമില്ലാതെ കൊടുത്തുവിട്ടു, രേഖകളില്ല, തിരിച്ചുവന്നതിന്റെ ഭാരം രേഖപ്പെടുത്തിയില്ല, സ്മാര്‍ട് ക്രിയേഷനിലേക്ക് ആരും കൂടെ പോയില്ല, വഴിനീളെ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കി. ഇത്രയും പറഞ്ഞ് കോടതി ഇങ്ങനെകൂടി ഉത്തരവില്‍ എഴുതുന്നു, ഞങ്ങള്‍ക്ക് ബലമായ സംശയമുണ്ട്, കൊടുത്തുവിട്ട പാളിതന്നെയോ തിരിച്ചുവന്നത് എന്ന്. തിരിച്ചുവന്നപ്പോള്‍ തൂക്കിയില്ല, മഹസറിലാക്കിയില്ല, 2019ല്‍ അറ്റകുറ്റപ്പണി ചെയ്തവ 2024 ആയപ്പോള്‍ ഗുരുതര ഡാമേജ് ആകുന്നു, പിന്നാലെ സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടത് 2019ലേത് മറയ്ക്കാനുള്ള രഹസ്യനീക്കമോ? ഒടുവില്‍ കോടതി എസ്ഐടിക്ക് നല്‍കുന്ന നിര്‍ദേശമിതാണ്. വലിയ ഗൂഢാലോചന പുറത്തുവരണം. ബോര്‍ഡ് ഉദ്യോഗസ്ഥരെ കണ്ടെത്തണം, ഈ വര്‍ഷം കൊടുത്തതും 2019ലെ തട്ടിപ്പ് മറയ്ക്കാനാണോ? ഈ ചോദ്യങ്ങള്‍തന്നെയാണ് ഇന്ന് നമ്മുടെ സംവാദത്തിന് പശ്ചാത്തലമാകുന്നത്.