ഉണരാന്‍ ഒരു ജീവത്യാഗം; വന്ദനയുടെ കൊലയില്‍ പൊലീസ് വീഴ്ചയോ?

ആശുപത്രികള്‍ സുരക്ഷിതകേന്ദ്രങ്ങളാകണം എന്നതും അക്രമങ്ങള്‍ക്ക് അറുതിവേണം എന്നതും നമ്മുടെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. പത്തുവര്‍ഷംമുമ്പ് അതിനായി ഒരു നിയമം ഉണ്ടായിട്ടുപോലും. ഈ ആവശ്യത്തില്‍ സമരങ്ങളടക്കം നടന്നു. ആ പഴയ ആവശ്യം ഇന്ന് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. ആശുപത്രി സംരക്ഷണ ഓര്‍ഡിന്‍സ് ഉടനുണ്ടാകും. അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. പക്ഷെ കാലങ്ങളായുള്ള ഒരാവശ്യം നടപ്പാക്കുന്നതിന് ഒരു ആശുപത്രിമുറിയില്‍ ഒരു ഡോക്ടര്‍ക്ക് സ്വന്തം ജീവിതം ഹോമിക്കേണ്ടിവന്നു എന്നതാണ് യാഥാര്‍ഥ്യം. ഡോ.വന്ദനയുടെ കൊലപാതകം കൊണ്ട് ഇത്രയും ഉണര്‍ന്നു എങ്കില്‍, ഓര്‍ഡിനന്‍സടക്കം ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകും എങ്കില്‍ പിന്നീടെന്താണ്? ഓര്‍ഡിനന്‍സ് കൊണ്ട് ഉത്തരങ്ങളാകുമോ? കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ച കണ്ടതിനോട് വലിയ വ്യത്യാസമില്ലാത്തൊരു സാഹചര്യം ഈ കൊലയ്ക്കുശേഷവും ഇന്ന് ഇടുക്കി നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ കണ്ടു എന്നോര്‍‌ക്കണം. അപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ഭയം ജോലിചെയ്യുന്ന സാഹചര്യം എന്ന് ഒരുങ്ങും? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.