യുവം വേദിയിൽ യുവാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയത് എന്താണ്?

കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയ യുവം കോണ്‍ക്ലേവിലേക്ക് പ്രധാനമന്ത്രി വന്നിറങ്ങിയതെങ്ങനെ എന്നാണ് കണ്ടത്. രണ്ടുകിലോമീറ്ററോളം റോഡ്ഷോയായി കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് കോളജിലേക്ക് നരേന്ദ്രമോദി വന്നെത്തും എന്ന് കരുതിയിടത്ത് ഒരു സര്‍പ്രൈസ്. തുടക്കംമുതല്‍ പകുതിയോളം റോഡിലൂടെ നടന്ന് റോഡിന് ഇരുവശത്തും കാത്തുനിന്നവരോട് കൈവീശി കാണിച്ച് അതിശയിപ്പിച്ചു പ്രധാനമന്ത്രി. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഒന്ന് എന്ന് ബിജെപി അവകാശപ്പെട്ട പശ്ചാത്തലത്തില്‍ പ്രസക്തമായ ഒരു ചോദ്യമുണ്ടായിരുന്നു. എന്താകും പ്രധാനമന്ത്രി അവിടെ പ്രസംഗിക്കുക? യുവാക്കളുമായി ഒരു സംവാദം നടക്കുമോ? സംവാദമില്ല. പകരം സ്വന്തം ശൈലിയില്‍ നീങ്ങിയ നരേന്ദ്രമോദി രാജ്യം അമൃതകാലത്തിലേക്ക് സഞ്ചരിക്കുകയാണെന്ന് ആമുഖമായി പറഞ്ഞു. കേരളത്തിലും മാറ്റം സമാഗതമാണ് എന്ന് കൂടി യുവം വേദിയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസിലേക്കും വന്ന പ്രധാനമന്ത്രി കേന്ദ്രം കയറ്റുതി കൂട്ടാന്‍ രാപകല്‍ അധ്വാനിക്കുമ്പോള്‍ കേരളത്തില്‍ രാവും പകലും സ്വര്‍ണക്കടത്തിലാണ് അധ്വാനമെന്ന് ഇടതുസര്‍ക്കാരിനെതിരെ അമ്പ് പായിച്ചു. ഒരുകൂട്ടര്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു, മറ്റൊരു കൂട്ടര്‍ ഒരു കുടംബത്തിന് പ്രധാന്യം നല്‍കുന്നു, ഇരുവരും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി എന്നും നരേന്ദ്രമോദി. അപ്പോള്‍ ഈ വേദിവഴി പ്രധാനമന്ത്രിയും ബിജെപിയും താല്‍പര്യപ്പെട്ടത് എന്താണ്? യുവാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയത് എന്താണ്?