ഈ ധൈര്യം എങ്ങനെയുണ്ടായി?; അക്രമം മുന്‍കൂട്ടി കാണാന്‍ ഭരണകൂടത്തിനായോ?

ഇന്നലെപ്പോലൊരു ഹര്‍ത്താല്‍ദിനം കേരളത്തിന് സമീപകാലത്ത് പരിചയമില്ല. എങ്ങനെയായിരുന്നു അത് എന്നത് പറയാതെ അറിയാമല്ലോ. ചോദ്യം അതെങ്ങനെ സംഭവിച്ചു എന്നതാണ്. എങ്ങനെ ധൈര്യപ്പെട്ടു നാടാകെ ബസുകള്‍ ആക്രമിക്കാന്‍, സഞ്ചാര സ്വാതന്ത്ര്യം, തൊഴിലെടുക്കാനുള്ള അവകാശം ഒക്കെ തടയാന്‍, പൊലീസുകാരെതന്നെ ആക്രമിക്കാന്‍, പത്ത് സെക്കന്റ് കൊണ്ട് തീര്‍ക്കുന്നവരാണ് ഞങ്ങളെന്ന് പൊതുമധ്യത്തില്‍നിന്ന് പറയാന്‍ എന്നതാണ് പ്രധാനപ്രശ്നം. പൊലീസ് നിഷ്ക്രിയമെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രി ചെണ്ടകൊട്ടി രസിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി. മുഖ്യമന്ത്രി പ്രതികരിച്ചുപോലുമില്ലെന്ന് പ്രതിപക്ഷനേതാവ്. പിന്നാലെ സംഭവത്തെ അപലപിച്ചും അക്രമം ആസൂത്രിതമെന്ന് ആരോപിച്ചും മുഖ്യമന്ത്രി രംഗത്തുവന്നു. ഓര്‍ക്കണം മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പ്രതികരണം ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഉണ്ടാകുന്നത്. പൊലീസ് നടപടി ഫലപ്രദമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അപ്പോള്‍ ചോദ്യം, അക്രമം മുന്‍കൂട്ടി കാണാന്‍ ഭരണകൂടത്തിനായോ? ഇടപെട്ടോ?