കിട്ടിയ പ്രതിയല്ലേ പടക്കമെറി‍ഞ്ഞത്? ഇനിയെന്തൊക്കെ സംശയങ്ങള്‍?

എവിടെ എവിടെ എന്ന മാസങ്ങളായുള്ള ചോദ്യത്തിന്, ആക്ഷേപങ്ങള്‍ക്ക്, പരിഹാസത്തിന് ഇതാ ഇവിടെ, ഇയാള്‍ എന്ന് പൊലീസിന്റെ ഉത്തരം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വി.ജിതിന്‍ അറസ്റ്റില്‍. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ആക്രമണമെന്നും ആളപായം ഉണ്ടാക്കുകയായിരുന്നു ബോംബേറിന്റെ ലക്ഷ്യമെന്നും പൊലീസ്. ജിതിന്റെ കാറും ഉപയോഗിച്ച ടീ ഷര്‍ട്ടും ധരിച്ച ചെരിപ്പും വച്ചാണ് കേസിന് തുമ്പുണ്ടാക്കിയത് എന്നും പൊലീസ് പറയുന്നു. എന്നാല്‍ അക്രമിയെത്തിയ സ്കൂട്ടറിന്റെ നമ്പര്‍ പോലും തെളിയാത്ത സിസിടിവി ദൃശ്യങ്ങവില്‍നിന്ന് അക്രമിയുടെ വസ്ത്ര ബ്രാന്‍ഡ് എങ്ങനെ തിരിച്ചറിഞ്ഞു എന്നതടക്കം ചോദ്യങ്ങളുണ്ട്. യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കിയാല്‍ നോക്കിയിരിക്കില്ല എന്നതാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. സിപിഎം തിരക്കഥയുടെ ഭാഗമാണ്  അറസ്റ്റെന്നും പടക്കമേറുണ്ടാക്കിയ അസ്വസ്ഥതയല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയോടുള്ള അസ്വസ്ഥതയാണ് അറസ്റ്റിന് കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. അപ്പോള്‍ തെളിഞ്ഞോ ചിത്രം?