ഈ രണ്ടുപേര്‍ക്ക് ഡി ലിറ്റ് ആരുടെ ആഗ്രഹം?; അതിന്റെ പിന്നിലെന്ത്?

രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് ബിരുദം നല്‍കാനുള്ള നീക്കം ഗവര്‍ണര്‍–സര്‍ക്കാര്‍ പോരിന്റെ ഭാഗമായി വിവാദമായത് ഓര്‍ക്കുന്നില്ലേ? ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ രണ്ടുപേര്‍ക്കായി ഡി ലിറ്റ് നല്‍കാനൊരു നീക്കം. ഒന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍. സിന്‍ഡിക്കറ്റ് അംഗം ഇ.അബ്ദുറഹ്മാന്‍ ഈ താല്‍പര്യത്തിലൊരു പ്രമേയം കൊണ്ടുവരുന്നു.

അദ്ദേഹം പറയുന്നത് ഏറ്റവും യോഗ്യതയുള്ളവര്‍ എന്ന നിലയ്ക്കാണ് ഈ പേരുകള്‍ ശുപാര്‍ശ ചെയ്തത് എന്നാണ്. പക്ഷെ പ്രമേയമായല്ല, ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്ന കമ്മിറ്റി വഴിയാണ് ഇത് വരേണ്ടത് എന്നതുകൊണ്ട് പ്രമേയ അവതാരകന്‍ പിന്‍മാറി. വിഷയം ഉപസമിതിയുടെ പരിഗണനയ്ക്ക് വിട്ടു. ചോദ്യം ഡി ലിറ്റ് ഓണററി ബിരുദം ആര്‍ക്കെന്ന് തീരുമാനിക്കുന്നതിലെ താല്‍പര്യമെന്താണ്? ഇവിടെ ഈ രണ്ടുപേര്‍ക്ക് ബിരുദം നല്‍കാനുള്ള താല്‍പര്യം ആരുടേതാണ്? അതിലെ താല്‍പര്യമെന്താണ്?