മഗ്സസെ അവാര്‍ഡ് നിരസിച്ചതെന്തിന്?; സിപിഎം വിശദീകരണം തൃപ്തികരമോ?

മഗ്സസെ പുരസ്കാരം ഏഷ്യയിലെ നൊബേല്‍ എന്നുകൂടി പ്രസിദ്ധമാണ്. 1957 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ വിശിഷ്ട ബഹുമതി ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരില്‍ മദര്‍ തെരേസയും എംഎസ് സുബ്ബലക്ഷ്മിയും ആര്‍.കെ.ലക്ഷ്മണും അരവിന്ദ് കേജ്്രിവാളും പി.സായിനാഥും വരെ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും അവിടെ മന്ത്രിയുമായ വ്യക്തിയും കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ മഗ്സസെയ്ക്ക് അര്‍ഹരായി. ആ പട്ടികയിലേക്ക് വി.കുര്യനും എംഎസ് സ്വാമിനാഥനും ശേഷം ഒരു മലയാളി വന്നാല്‍? വന്നില്ല പക്ഷെ. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിലെ ഇടപെടലിന്റെ പേരില്‍  മഗ്സസെ ഫൗണ്ടേഷന്‍ പുരസ്കാരത്തിന് തിരഞ്ഞെടുത്തു എങ്കിലും നിരസിക്കാന്‍ കെ.കെ.ശൈലജ തീരുമാനിച്ചു. പാര്‍ട്ടിയുമായി ആലോചിച്ചപ്പോള്‍ അത്തരമൊരു നിര്‍ദേശമാണ് അവര്‍ക്ക് കിട്ടിയത്. മൂന്ന് കാരണങ്ങള്‍ സിപിഎം ജനറല്‍ സെക്രട്ടറി മുന്നോട്ടുവച്ചു. ഒന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മഗ്സസെ പുരസ്കാരം പതിവില്ല. രണ്ട് കെ.കെ.ശൈലജയുടെ വ്യക്തിപരമായ നേട്ടമല്ല നിപ, കോവിഡ് പ്രതിരോധത്തിലെ മുന്നേറ്റം. മൂന്ന് രമോണ്‍ മഗ്സസെ കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ ആളാണ്. ഇതിലേതാണ് പൊതുസമൂഹത്തിന് തൃപ്തികരമായ വിശദീകരണം?