നെഹ്റു ട്രോഫി ജലമേള പുന്നമടയ്ക്കും ആലപ്പുഴയ്ക്കും മാത്രമല്ല, കേരളത്തിനാകെ അഭിമാനമാണ്. മഴ സ്വഭാവം മാറ്റിയപ്പോള്‍ ജലോല്‍സവ നടത്തിപ്പ് തന്നെ ആദ്യം പ്രതിസന്ധിയായി. പിന്നെ കോവിഡ് കാലം. ഇതിപ്പോള്‍ എല്ലാ പ്രതാപവും തിരിച്ചുപിടിച്ച് ജലമേള നടത്താനുള്ള ഒരുക്കമാണ്. അങ്ങനെയിരിക്കെ ജലോല്‍സവത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രി കത്തെഴുതുന്നു. പിന്നാലെ വിവാദം. ലാവലിന്‍ കേസ് അടുത്തമാസമാദ്യം സുപ്രീംകോടതിയില്‍ വരുന്നു, സിപിഎം–സംഘപരിവാര്‍ അവിശുദ്ധബന്ധം തുടങ്ങി വ്യാഖ്യാനങ്ങളും ആക്ഷേപങ്ങളും നിറഞ്ഞു. പക്ഷെ ഓര്‍ക്കണം. സെപ്റ്റംബര്‍ നാലിനാണ് ജലോല്‍സവം. മൂന്നിന്, എന്നുവച്ചാല്‍ തലേന്ന്, ഒരു സുപ്രധാന സമ്മേളനത്തിന് അമിത് ഷാ തിരുവനന്തപുരത്തുണ്ട്. അപ്പോള്‍ ഈ ക്ഷണക്കത്തില്‍ പ്രശ്നമുണ്ടോ? ഉണ്ടെങ്കിലെന്ത്?