‘ജന്‍ഡര്‍ ന്യൂട്രാലിറ്റി’യില്‍ സര്‍ക്കാരിന്‍റെ മനസ്സിലെന്ത്? വിമര്‍ശകര്‍ വിചാരിച്ചതെന്ത്?

ആണ്‍, പെണ്‍കുട്ടികളെ സ്കൂളുകളില്‍ ഇടകലര്‍ത്തി ഇരുത്തിയാല്‍ അപകടകരം, പഠന ശ്രദ്ധ നഷ്ടപ്പെടും എന്നുമുള്ള ലീഗ് നേതാവ് പി.എം.എ സലാമിന്‍റെ പ്രസ്താവന ഏറ്റെടുക്കുകയാണ് ഇന്ന് കോണ്‍ഗ്രസ് നേതാവ് കെ..മുരളീധരന്‍. ഇങ്ങനെ ഇരുത്തിയാല്‍ ജന്‍ഡര്‍ ഇക്വാലിറ്റി നടപ്പാകില്ലെന്നും ഇത്തരം തലതിരിഞ്ഞ ആശയമല്ല, സ്ത്രീ സുരക്ഷ ഉറപ്പാക്കലാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും മുരളീധരന്‍. സലാമും നേരത്തെ എം.കെ.മുനീറും പറ‍ഞ്ഞത് അവര്‍ത്തന്നെ വ്യക്തത വരുത്തട്ടെ എന്ന് പറഞ്ഞൊഴിയുന്നു മറ്റു ലീഗ് നേതാക്കള്‍.  പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണത്തിനായി SCERT തയാറാക്കിയ കരടില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റി ഒളിഞ്ഞും തെളിഞ്ഞും അവതരിപ്പിക്കുന്നുവെന്നും വലിയ സാമൂഹിക പ്രത്യാഘാതം അതുണ്ടാക്കുമെന്നും മറ്റൊരു വിമര്‍ശനം. ജന്‍ഡര്‍ ന്യൂട്രാലിറ്റി’എന്ന് കേള്‍ക്കുമ്പോഴേക്ക് ഈ വിമര്‍ശന വ്യഗ്രത എന്തിനാണ്.? പെണ്‍കുട്ടി എന്തുടുക്കണം എങ്ങനെ, ഏത് സാമുഹിക അന്തരീക്ഷത്തില്‍ വളരണം എന്ന് എന്നെങ്കിലും അവളോട് ചോദിക്കുന്നുണ്ടോ നമ്മള്‍ ?  ഇപ്പോഴിവിടെ ‘ജന്‍ഡര്‍ ന്യൂട്രാലിറ്റി’യില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ത്, വിമര്‍ശകര്‍ മനസിലാക്കുന്നത് എന്ത്..?