ജനാധിപത്യത്തിന് അന്ത്യം കുറിച്ചോ? നേരിടുന്ന വെല്ലുവിളി എത്രയാണ്?

ജനാധിപത്യമാണ് ചര്‍ച്ചയില്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നില്‍ ഇന്ന് അതെവിടെ നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഈ ദിവസങ്ങളില്‍ കുറച്ചധികം പ്രാധാന്യമുണ്ട്. കാരണം നമ്മള്‍ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ആസാദി കാ അമൃത് മഹോല്‍സവ്. വിലക്കയറ്റം അടക്കം വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്കും രാഷ്ട്രപതിഭവനിലേക്കും മാര്‍ച്ചും യാത്രയും നടത്തുന്നതിനിടെ ഇന്ന് രാഹുല്‍ ഗാന്ധി പറയുന്നു, ഇന്ത്യയില്‍ ജനാധിപത്യം ഓര്‍മ മാത്രമായി എന്ന്. മോദി ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചു എന്ന്. ജനകീയ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറില്ല, ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് തന്നെ വേട്ടയാടുന്നത് എന്നും രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ മാര്‍ച്ചുകള്‍ പൊലീസ് തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. രാഹുലും പ്രിയങ്ക ഗാന്ധിയും അടക്കം അറസ്റ്റിലുമായി. അപ്പോള്‍ ചോദ്യം,,, ജനാധിപത്യം ഈ കാലത്ത് നേരിടുന്ന വെല്ലുവിളി എന്താണ്, എത്രയാണ്?