സര്‍ക്കാരിന് ഷോക് ട്രീറ്റ്മെന്റോ? ചരിത്ര വിജയം പറയുന്നതെന്ത്?

എല്‍ഡിഎഫിന് സെഞ്ചുറിയില്ല. യുഡിഎഫിന് തൃക്കാക്കരയില്‍ കാല്‍സെഞ്ചുറി ഭൂരിപക്ഷം. ഉമ തോമസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫിലെ ഡോ. ജോ ജോസഫിനെ തോല്‍പ്പിച്ച് നിയമസഭയിലേക്ക്. ബെന്നി ബഹന്നാന്‍ 2011ല്‍ നേടിയ 65854 എന്ന ആകെ വോട്ടും മറികടന്ന് ഉമയെത്തിയത് 72,770 വോട്ടില്‍. എല്‍ഡിഎഫ് 2021നെ അപേക്ഷിച്ച് വോട്ട് ഉയര്‍ത്തിയെങ്കിലും ഒരിടത്തും ഉമയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാകാതെ പോരാട്ടം അവസാനിപ്പിച്ചു. ജയിക്കുമെന്നുവരെ അവകാശപ്പെട്ട ബിജെപിക്ക് കെട്ടിവച്ച് കാശ് നഷ്ടമായി. മല്‍സരത്തില്‍നിന്ന് മാറിനിന്ന ട്വന്റി ട്വന്റി യുഡിഎഫ് വിജയത്തില്‍ അവകാശം ഉന്നയിച്ച് രംഗത്തുവന്നു. ഇങ്ങനെകൂടി കാണാം തൃക്കാക്കര വിധിയെ. കെ.വി.തോമസ് നിഷ്പ്രഭനും നിരായുധനുമെന്ന് തെളിഞ്ഞു. പി.സി.ജോര്‍ജിന് ഒരു ഇംപാക്ടും ബിജെപിക്ക് അനുകൂലമായി ഉണ്ടാക്കാനായില്ല. അവര്‍ക്ക് ഉള്ളവോട്ടും പോയി എന്നല്ലാതെ. അപ്പോള്‍ ഈ ജനവിധിക്ക് എത്ര മാനങ്ങളുണ്ട്? സില്‍വര്‍ലൈനിലടക്കം മുന്നോട്ട് എന്ന് പ്രഖ്യാപിച്ച  സര്‍ക്കാരിന് ഇത് ഷോക് ട്രീറ്റ്മെന്റോ?