നിയമവിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്തതില്‍ ആരോപണവിധേയനായ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും പിന്നെയുണ്ടായതുമാണ് ഈ കണ്ടത്. മണിക്കൂറുകളോളം സംഘര്‍ഷം. എസ്പി ഓഫിസിന് മുന്നിലെ പ്രതിഷേധം നിര്‍ത്തിയെങ്കിലും പൊലീസ് സ്റ്റേഷനുമുന്നില്‍ എംഎല്‍എമാരടക്കം സമരം തുടരുകയാണ്. സിഐ സുധീറിനെതിരെ കൂടുതല്‍ നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ സിഐയുടെ വീഴ്ചകള്‍ എണ്ണിപ്പറയുന്നുണ്ട്. ഗാര്‍ഹിക പീഡനപരാതിയില്‍ കേസെടുത്തത് പരാതി കിട്ടി ആഴ്ചകള്‍ക്കുശേഷം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തശേഷംമാത്രം എന്ന വസ്തുത നമ്മെയൊക്കെ ഞെട്ടിക്കുന്നതാണ്. ഇതാരുടെ പൊലീസാണ്? സുധീറിനെപ്പോലുള്ള പൊലീസുകാരെ ഇരുത്തേണ്ടത് എവിടെയാണ്? അതാര് ചെയ്യും?