കേരളത്തില്‍ ലഹരി ജിഹാദോ?; തെളിവ് എവിടെ?

പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയാണ് കേട്ടത്. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ബിഷപ് പറയുന്നു, സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം നര്‍കോട്ടിക് ജിഹാദും വ്യാപകമാണെന്ന്. അമുസ്്ലിമുകളെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു. കേരളത്തില്‍ ആയുധം ഉപയോഗിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് പ്രണയവും ലഹരിമരുന്നും ജിഹാദി ഗ്രൂപ്പുകള്‍ ആയുധമാക്കുന്നത്. ലഹരിമരുന്നിന് അടിമകളാക്കി ജീവിതം നശിപ്പിക്കുന്ന രീതിയാണ്. വര്‍ധിച്ചുവരുന്ന കഞ്ചാവ്, ലഹരിമരുന്ന് കച്ചവടം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും പാലാ ബിഷപ്. ആദ്യമായാണ് നമ്മള്‍ നര്‍ക്കോട്ടിക് ജിഹാദ് അഥവാ ലഹരി ജിഹാദ് എന്നൊരു വാക്ക് കേള്‍ക്കുന്നത്. അതുണ്ടാക്കുന്ന പ്രത്യാഘാതം എന്ത് എന്നതാണ് പ്രശ്നം. മുസ്്ലിം സംഘടനയായ എസ്കെഎസ്എസ്എഫ് പ്രതികരിക്കുന്നത് ബിഷപ് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ്. അപ്പോള്‍ ചോദ്യമിതാണ്. നര്‍കോട്ടിക് ജിഹാദെന്ന ആശങ്കയുടെ വിത്ത് പാകുമ്പോള്‍ പാലാ ബിഷപ്പിന്റെ കയ്യില്‍ ഇതിന് തെളിവെവിടെ?