കൊടകര കുറ്റപത്രത്തില്‍ പൊലീസിന്റെ ഉന്നമെന്ത്; ആര് കുടുങ്ങും?

കൊടകരയില്‍ ദേശീയപാതയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിക്കായി കൊണ്ടുവന്നതാണെന്നും അത് കെ. സുരേന്ദ്രന്റെ അറിവോടെയാണെന്നും ഇന്നലെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലുണ്ട്. പക്ഷെ ആ മൂന്നരക്കോടിയുടെ ഉത്തരവാദിത്തമല്ല പൊലീസ് ബിജെപിക്കുമേല്‍ വയ്ക്കുന്നത്. അതേ കുറ്റപത്രത്തിലെ 38ആം പേജ് പറയുന്നു, ഈ തിരഞ്ഞെടുപ്പ് കാലത്ത് നാല്‍പത് കോടി രൂപ കര്‍ണാടകയില്‍നിന്നായി കടത്തിയെന്നും വിവിധയിടങ്ങളിലെ ബിജെപി നേതാക്കള്‍ക്ക് കൈമാറിയെന്നും. ഇങ്ങനെ ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന നാലുകോടി നാല്‍പത് ലക്ഷം രൂപ കൊടകരയ്ക്ക് സമാനമെന്നോണം സേലത്തുവച്ച് കവര്‍ച്ചചെയ്യപ്പെട്ടെന്നും പൊലീസ് കരുതുന്നു. ഈ പണത്തിനെല്ലാം മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോയെന്ന് തുടര്‍ന്നും അന്വേഷിക്കുമെന്നുകൂടിയാണ് ഇരിഞ്ഞാലക്കുട കോടതിയുടെ പരിഗണനയിലുള്ള രേഖ പറയുന്നത്. എന്നാലിത് കുറ്റപത്രമല്ല, സിപിഎം സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയാണ് എന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. കൊടകര കുറ്റപത്രത്തില്‍ പൊലീസിന്റെ ഉന്നമെന്താണ്? കുറ്റപത്രത്തിന് പിന്നാലെയെന്താണ്?