കയ്യാങ്കളിക്കേസിലെ സര്‍ക്കാര്‍ കളി; തിരുത്തേണ്ടതോ തിരുത്തിയത്?

നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ സുപ്രീംകോടതിയുടെ തീര്‍പ്പെന്താകും? രണ്ടുദിവസം വിശദമായി വാദംകേട്ട കോടതിയില്‍നിന്ന് വരുന്ന വിവരങ്ങള്‍ സര്‍ക്കാരിന് സന്തോഷിക്കാന്‍ വകനല്‍കുന്നതല്ല. ഈ മാസമാദ്യം ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരീക്ഷണങ്ങള്‍ക്കൊടുവില്‍ വിധി പറയാന്‍ മാറ്റാനൊരുങ്ങിയതാണ്. അന്നുപക്ഷെ കൂടുതല്‍ വാദത്തിന് സര്‍ക്കാര്‍ അനുമതി തേടി, അതിന്ന് നടന്നു. പക്ഷെ എന്താണ് സര്‍ക്കാരിന്റെ അപേക്ഷയെന്നുതന്നെ മനസിലാകുന്നില്ലെന്നാണ് ജഡ്ജിമാര്‍ കോടതിമുറിയില്‍ പറഞ്ഞത്. കേസ് പിന്‍വലിക്കണമെന്ന് പറയുന്നതിലെ പൊതുതാല്‍പര്യമെന്താണെന്നും കോടതി ചോദിച്ചു. മുമ്പ് ഹൈക്കോടതിയില്‍ അടക്കം ഉന്നയിച്ച നിലപാടുകള്‍ ആവര്‍ത്തിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രധാനമായ ഒരു നീക്കം കൂടി നടത്തി. ആ ദിവസം എംഎല്‍എമാര്‍ പ്രതിഷേധിച്ചത് അന്നത്തെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണെന്ന് രഞ്ജിത് കുമാര്‍ പറഞ്ഞു. കെ.എം.മാണിയെന്ന പേര് പരാമര്‍ശിച്ചില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍. അപ്പോള്‍ സഭ കയ്യാങ്കളിക്കേസില്‍ തിരുത്തേണ്ടതോ സര്‍ക്കാര്‍ തിരുത്തിയത്?