ജീവിതം ഇപ്പോഴും കോവിഡ് കുടുക്കിൽ; നാട്ടിൽ ആരാധനാലയങ്ങള്‍ തുറക്കാറായോ‍..?

ലോകത്തിന്റെ പല ഭാഗത്തിനും എന്ന പോലെ കേരളത്തിനും ഇത് പലതിന്റെയും ആവര്‍ത്തനവര്‍ഷമാണ്. കോവിഡിനെ നേരിടാന്‍ 2020ല്‍ ലോക്ഡൗണ്‍ മാര്‍ച്ചിലേ വന്നെങ്കില്‍ ഇത്തവണയത് മേയ് രണ്ടാം വാരത്തിലായി. ലോക്ഡൗണ്‍ ജനജീവിതത്തെ വല്ലാതെ ബാധിക്കും എന്നാകുമ്പോള്‍ തുറക്കാതെ പറ്റില്ല. അങ്ങനെ തുറക്കുന്നതിന്റെ രണ്ടാം സീസണിലാണ് നമ്മളിപ്പോള്‍. അണ്‍ലോക് ആദ്യഘട്ടം ഇന്നലെ നടപ്പായിത്തുടങ്ങി. പൊതുഗതാഗതം അനുവദിച്ചു. സ്വകാര്യസ്ഥാപനങ്ങള്‍ തുറന്നു. മദ്യശാലകള്‍ തുറന്നു. ഈ ഘട്ടത്തില്‍ വ്യാപകമായി ഉയരുന്ന ഒരാവശ്യം ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണം എന്നതാണ്. കോണ്‍ഗ്രസ്, മുസ്്ലിം ലീഗ്, ബിജെപി, എന്‍എസ്എസ്, വിവിധ മുസ്്ലീം സംഘടനകള്‍, ഓര്‍ത്തഡോക്സ് സഭ എല്ലാം ഈ ആവശ്യമുന്നയിക്കുന്നു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിക്കുന്നു. ഇന്ന് സിപിഎമ്മും ഇതിന് ചെവികൊടുക്കുന്നു. പക്ഷെ ഈ ആവശ്യം പരിഗണിക്കാവുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ടോ?