ആരിലേക്കാണ് ചെന്നിത്തല വിരല്‍ചൂണ്ടുന്നത്?; ചിരിച്ച് ചതിച്ചതാര്?

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍, സ്വന്തം അനുഭവത്തില്‍നിന്ന് അദ്ദേഹത്തെ ഉപദേശിക്കുന്ന രമേശ് ചെന്നിത്തലയെയാണ് ആദ്യം കേട്ടത്. ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്ന് കരുതരുത്. മുന്നില്‍വന്ന് പുകഴ്ത്തുന്നവര്‍ എപ്പോഴും കൂടെയുണ്ടാകില്ലെന്നും ചെന്നിത്തല. ശേഷം ഇന്ദിരാഭവനില്‍ അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഓര്‍മവച്ചകാലം മുതല്‍ കോണ്‍ഗ്രസുകാരായി ജീവിച്ച തന്നെയും കുടുംബത്തെയും ബിജെപിക്കാരാക്കാന്‍ ശ്രമിച്ചപ്പോള്‍ ചില സ്നേഹിതരും ഒപ്പം ചേര്‍ന്ന് ഫെയ്സ്ബുക് പോസ്റ്റിട്ടു. കെ.സുധാകരനെ ബിജെപിക്കാരനായി ചിത്രകരിക്കാന്‍ നോക്കിയപ്പോള്‍ താന്‍ രംഗത്തുവന്നത് തന്റെ അനുഭവങ്ങള്‍ കണക്കിലെടുത്താണെന്നും രമേശ്. അദ്ദേഹം പറയുന്ന പശ്ചാത്തലം വ്യക്തമാണ്. പ്രതിപക്ഷനേതാവായിരിക്കെയും ആ പദവിയില്‍നിന്ന് മാറേണ്ടിവരുന്ന നടപടിക്രമങ്ങള്‍ക്കിടെയും ആണ് ഈ പരാമര്‍ശങ്ങള്‍ നടത്തേണ്ടിവരുന്ന ദുരനുഭവങ്ങള്‍ ഉണ്ടായത് എന്നാണ് ചെന്നിത്തല പറയുന്നത്. ആരെയാണ് രമേശ് ചെന്നിത്തല വിരല്‍ചൂണ്ടുന്നത്?