ആക്ഷേപങ്ങൾ അതിജീവിച്ചോ സർക്കാർ? സഭ പിരിയുമ്പോൾ ആത്മവിശ്വാസമാർക്ക്

അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞ്, ആരോപിച്ച്, പ്രതിരോധിച്ച്, ആക്രമിച്ച്, തിരിച്ചടിച്ച് നിയമസഭയ്ക്കുള്ളിലെ ദൗത്യം ഭരണപക്ഷവും പ്രതിപക്ഷവും പൂര്‍ത്തിയാക്കി. ദിവസങ്ങളോളം മാത്രമേ ചേര്‍ന്നുള്ളുവെങ്കിലും തിരക്കുപിടിച്ചതും നിര്‍ണായക പ്രാധാന്യമുള്ളതുമായിരുന്നു നടപ്പുസഭയുടെ ഇന്ന് പൂര്‍ത്തിയാകുന്ന അവസാന സമ്മേളനകാലം. ഒരു പ്രധാന തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ നിര്‍ണായകമായ പശ്ചാത്തലവും ഏറ്റവും പ്രധാന തിരഞ്ഞെടുപ്പ് വരുന്നതിന്റെ ചലനങ്ങളും രണ്ട് അതിരുചേര്‍ത്ത സഭാ സമ്മേളനം. അവിടെ മുഴങ്ങിയ ശബ്ദങ്ങളില്‍ ചിലത് മാത്രമാണ് ആദ്യം കേട്ടത്. സ്വര്‍ണക്കടത്തുവിവാദം ചര്‍ച്ചയായി, കിഫ്ബി സിഎജി ഓഡിറ്റ് വിവാദം ഇഴകീറി പരിശോധിച്ചു, സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്ത് തള്ളി, ഏറ്റവുമൊടുവില്‍ ഇന്ന് സിഎജിക്കെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെ സഭ പാസാക്കി. ഇനി നിലപാടുകളെല്ലാം നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലേക്ക്. രണ്ടുമാസത്തിനപ്പുറം നിയമസഭ തിരഞ്ഞെടുപ്പിന് വിസില്‍ മുഴങ്ങാനിരിക്കെ, ഈ പിന്നിടുന്ന സഭാസമ്മേളനം കണ്ടത് ആരുടെ ആത്മവിശ്വാസം?