ഏജന്‍സികള്‍ പ്രതികാരം വീട്ടാനുള്ളതോ? ആര്‍ക്കാണ് അന്വേഷണത്തെ ഭയം..?

ഭരണപ്രതിപക്ഷ ഭേദമില്ലാതെ കേരളരാഷ്ട്രീയം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണവലയത്തിലാവുകയാണ്. സ്വര്‍ണക്കടത്തും ലൈഫ് കോഴയുമെല്ലാം ഭരണകക്ഷിയെ സംശയത്തിന്‍റെ നിഴലിലാക്കുമ്പോള്‍ ബാര്‍ കോഴയിടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തെ പിടിക്കാനിറങ്ങുന്നത് സംസ്ഥാന വിജിലന്‍സാണ്. ഈ രണ്ടു കാര്യങ്ങളിലും പൊതുവായ ഒന്നുണ്ട്. ഇരുനേതൃത്വവും ഈ അന്വേഷണങ്ങളെക്കുറിച്ച് പറയുന്നത് രാഷ്ട്രീയ പകപോക്കല്‍ എന്നാണ്. കേരളസര്‍ക്കാരിനെ തകര്‍ക്കാന്‍ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ശ്രമത്തിന്‍റെ ഭാഗമാണ് കേരളത്തില്‍ വട്ടമിട്ടു പറക്കുന്ന കേന്ദ്രഏജന്‍സികളെന്ന് പിണറായി വിജയനും ഇടതുമുന്നണിയും പറയുന്നു.  സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള  ക്രിമിനല്‍ ഗൂഢാലോചനയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഭാഗമായെന്ന ഗുരുതരമായ ആരോപണം  പോലും സിപിഎം ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സംസ്ഥാന ഏജന്‍സികളെ ഉപയോഗിച്ച് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും പറയുന്നു. വാസ്തവത്തില്‍ അഴിമതിയും കള്ളപ്പണവും കള്ളക്കടത്തുമെല്ലാം അന്വേഷിച്ച് ജനാധിപത്യത്തെ ഉത്തരവാദിത്തമുള്ളതും സുതാര്യവുമാക്കേണ്ട അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രതികാരംവീട്ടലിനുള്ള കേവല ഉപകരണങ്ങള്‍ മാത്രമാണോ? അതോ മടിയില്‍ കനമുള്ളവരുടെ ഭയമാണോ അന്വേഷണങ്ങളോയുള്ള വിയോജിപ്പ്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, അന്വേഷണങ്ങളെ ആര്‍ക്കാണ് ഭയം ?