കുടുംബത്തിന്‍റെ സമരം എന്തിന്? വാളയാറിൽ നീതി അട്ടിമറിച്ചതാര്?

ഹാത്രസിലും ഉന്നാവിലുമെല്ലാം പെണ്‍കുട്ടികള്‍ക്ക് മേല്‍ നടക്കുന്ന അതിനീചമായ ആക്രമണങ്ങളെയോര്‍ത്ത് വേദനിക്കുകയും അക്രമികള്‍ക്കും നിഷ്ക്രിയമായ ഭരണകൂടങ്ങള്‍ക്കുമെതിരെ ശക്തമായി  പ്രതിഷേധിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഈ കേരളത്തില്‍ രണ്ട് പിഞ്ചുബാലികമാരെ ഇല്ലാതാക്കിയ ക്രൂരതയോട് നാം പ്രതികരിക്കുന്നത് എങ്ങനെയാണ് ?. 2017ലാണ് വാളയാറില്‍ ഒമ്പതും പതിമൂന്നും വയസുള്ള രണ്ട് ദളിത് പെണ്‍കുട്ടികള്‍, ദരിദ്രകുടുംബത്തില്‍ നിന്നുള്ളവര്‍, ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.  പീഡനം നടന്നതായ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടും കൊലപാതകം  ആവാമെന്ന  ഫൊറൻസിക് സർജന്റെ നിഗമനവും പൂര്‍ണമായും അവഗണിക്കപ്പെട്ടു.  അന്വേഷണ ഉദ്യോഗസ്ഥർ കുറെക്കൂടി ജാഗ്രത കാണിച്ച് കുറ്റവാളികളെ കുടുക്കിയെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു.   ആദ്യം കേസന്വേഷിച്ച എസ്ഐ മുതല്‍ രണ്ട് പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്ന പ്രോസിക്യൂട്ടര്‍    വരയുള്ളവര്‍ ഒത്തുപിടിച്ചപ്പോള്‍ മുഴുവന്‍ പ്രതികളെയും കീഴ്ക്കോടതി വെറുതെവിട്ടു. കുട്ടികള്‍ ലൈംഗിംകപീഡനം ആസ്വദിച്ചിരുന്നു എന്ന്  പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുനന്തും കേരളം കേട്ടു.  വാളയാറില്‍ അന്വേഷണഘട്ടത്തിലും വിചാരണഘട്ടത്തിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തി.  എന്നിട്ടും പരാതിയുമായി മുഖ്യമന്ത്രിയെ കണ്ട് കാലില്‍ തൊട്ട് വണങ്ങിയ മാതാപിതാക്കള്‍ ഇന്ന് സര്‍ക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ സമരം ഇരിക്കുന്നു. വാളയാറില്‍ നീതി അട്ടിമറിച്ചതാര്?