ജലീലിന്‍റേത് നാടുകടത്തലോ..? മുരളീധരന് കിട്ടിയ ക്ലീന്‍ചിറ്റിന്‍റെ അര്‍ത്ഥമെന്ത്?

രണ്ടു പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കേരളത്തിന്റെ മുന്നിലുണ്ട്. ഒന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പി.ആര്‍.മാനേജരെ രാജ്യാന്തരസമ്മേളനത്തില്‍ പങ്കെടുപ്പിച്ചു എന്ന പരാതി. രണ്ട് മന്ത്രി കെ.ടി.ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടു എന്ന ആരോപണം. ആദ്യത്തേതില്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് കേസ് ക്ലോസ്ഡ‍് എന്ന് അറിയിപ്പു വന്നു. വിശദീകരണമില്ല. രണ്ടാമത്തേത് കേന്ദ്ര ഏജന്‍സികള്‍ ഒരു വട്ടം മന്ത്രിയെ ചോദ്യം ചെയ്ത് അന്വേഷിച്ചതാണ്. ഇന്ന് ഇ.ഡിയില്‍ നിന്നു പുറത്തു വന്ന സ്വപ്നയുടെ മൊഴി മന്ത്രി ജലീലിനെതിരെ ഗുരുതരമായ ഒരു ആരോപണം കൂടി ഉയര്‍ത്തുന്നു. മന്ത്രി തനിക്കെതിരെ വ്യക്തിഅധിക്ഷേപം നടത്തിയ സ്വന്തം മണ്ഡലത്തിലെ ഒരു പ്രവാസിയെ യു.എ.ഇയില്‍ നിന്ന് നാടുകടത്താന്‍ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കൗണ്ടര്‍പോയന്റ് രണ്ടു ചോദ്യങ്ങളും ചര്‍ച്ചയ്ക്കെടുക്കുന്നു. പ്രോട്ടോക്കോള്‍ ആര്‍ക്കൊക്കെ ലംഘിക്കാം?