ഇത് ധർമയുദ്ധമോ? മന്ത്രി ഒഴിഞ്ഞു മാറുന്നത് എന്തിന്?

മിനിഞ്ഞാന്ന് ഉച്ചയ്ക്ക് ഒന്നരയോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോയ മന്ത്രി കെ.ടി.ജലീലില്‍നിന്ന് അതിനുശേഷമുണ്ടായ ഏക പ്രതികരണമാണ് ഈ കേട്ടത്. വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി മണ്ഡലത്തിലെ ഒരിടത്ത് ഇറങ്ങിയപ്പോള്‍, ചോദ്യംചെയ്തോ എന്നെങ്കിലും പറയണ്ടേ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ചിരി, ഒപ്പം ഫെയ്സ്ബുക്കില്‍ സംസാരിക്കും എന്ന മറുപടി. അതെന്താണ് മന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല എന്ന് തീരുമാനിക്കുന്നത്? ഇനി ഫെയ്സ്ബുക്കില്‍ മന്ത്രി ഇന്ന് പറഞ്ഞത് കൂടി പറയാം. കല്ലുവച്ച നുണയും കെട്ടുകഥയും ദിവസവും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ല. പല മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത് എന്നും മന്ത്രി കെ.ടി.ജലീല്‍. അങ്ങനെയെങ്കില്‍ ഇതൊരു ധര്‍മയുദ്ധമാണെങ്കില്‍ അത് ജയിക്കാന്‍ പറയേണ്ടത് മന്ത്രി പറഞ്ഞോ? പറയാനുള്ളത് ഫെയ്സ്ബുക്കില്‍ പറയും എന്നുപറഞ്ഞ് മാധ്യമങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറുന്നത് എന്തിനാണ്?