റഹീമും ഷാഫിയും നേർക്കുനേർ; ചോരവീഴ്ത്തിയത് രാഷ്ട്രീയമോ?

ചോരപ്പൂക്കളം കണ്ടാണ് ഈ തിരുവോണത്തിന് കേരളം ഉണര്‍ന്നെണീറ്റത്. അര്‍ധരാത്രിയില്‍ തിരുവനന്തപുരം  തേമ്പാംമൂടില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാകുന്ന സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആറുപേര്‍ രാവിലെ തന്നെ പിടിയിലായി. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് ആദ്യം റൂറൽ പറഞ്ഞങ്കിലും അങ്ങനെയൊരു  നിഗമനത്തിലെത്തിയിട്ടില്ലന്ന് ഡി.ഐ.ജി പിന്നീട് തിരുത്തിപ്പറഞ്ഞു. എന്താണ് പ്രകോപനമെങ്കിലും നാം അറിയേണ്ട ഒന്നുണ്ട്. മരിച്ച ഹക്ക് മുഹമ്മദും, മിഥിലാജും  രണ്ട് കുടുംബങ്ങളുടെ അത്താണികളാണ്.  പലവിധ ചെറുതൊഴിലുകള്‍ ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ചെറുപ്പക്കാര്‍ നിമിഷനേരം കൊണ്ട് ഇല്ലാതായപ്പോള്‍ തോരാക്കണ്ണീരിലാണ്ടത് രണ്ട് കുടുംബങ്ങളാണ്. എന്തുതന്നെ പ്രശ്നങ്ങളുണ്ടായാലും ഒരു മനുഷ്യന്‍റെ ജീവനെടുക്കുക എന്നത് പ്രാകൃതസമൂഹത്തിന്‍റെ രീതിയാണ്. രാഷ്ട്രീയസംഘട്ടനങ്ങളില്‍ പൊലിഞ്ഞ ജീവനുകള്‍ ആര്‍ക്കും ഒന്നും നേടിത്തരുന്നില്ല , നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നതെന്ന് പലതവണ നാം കണ്ടതാണ്. തേമ്പാംമൂടില്‍ ചോരവീഴ്ത്തിയത് രാഷ്ട്രീയമോ?