ശിവശങ്കര്‍ സംശയനിഴലില്‍ തന്നെ; നീക്കങ്ങള്‍ ഇന്‍റലിജന്‍സ് അറിഞ്ഞില്ലേ?

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നില്ല. ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസിന്റെ അന്വേഷണം. സ്വപ്ന സുരേഷ് ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറിന്‍റെ ഒരു ഉടമ ശിവശങ്കറിന്‍റെ ചാര്‍ട്ടേട് അക്കൗണ്ടന്‍റാണ്. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ജോയിന്റ് അക്കൗണ്ട് എടുത്തതെന്നാണ് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞത്. വ്യക്തി ബന്ധത്തിനപ്പുറം സര്‍ക്കാരിലെ ഉന്നതവ്യക്തിത്വത്തിന് കള്ളക്കടത്തുകാരുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.  

ഇതുകൂടാതെ തീവ്രവാദബന്ധമുള്ള കേസിലെ പ്രതി കെ.ടി റമീസുമായി ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ എന്‍ഐഎ തെളിവെടുപ്പും നടന്നു. ഇതോടെ യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആക്രമണം കടുപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണമെങ്കില്‍ മുഖ്യമന്ത്രിയോട് പത്തുചോദ്യങ്ങളാണ് രമേശ് ചെന്നിത്തല  ഉന്നയിക്കുന്നത്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു: സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തിന് ഇനിയും വ്യക്തമാകാത്ത ഉത്തരങ്ങളെന്തെല്ലാം ?