ആ ആശുപത്രിയെ, പ്രധാനമന്ത്രിയുടെ യാത്രയെ ഇത്ര സംശയിക്കണോ?

ലേയിലെ ആശുപത്രിയാണ്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ കഴിയുന്ന ഇടം. ഇവിടെയെത്തി ഇന്നലെ നമ്മുടെ പ്രധാനമന്ത്രി സൈനികരെ കണ്ടു, ആശ്വാസവാക്കുകള്‍, അനുമോദനവാക്കുകള്‍ പറഞ്ഞു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് വലിയതോതില്‍ വിമര്‍ശനം സമൂഹമാധ്യമങ്ങളിലാകെ. ഇതാണോ ആശുപത്രി? എവിടെ ഐവി സ്റ്റാന്‍ഡ്, എവിടെ ഓക്സിജന്‍ സിലിണ്ടര്‍ അടക്കം മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നുതുടങ്ങി പ്രധാനമന്ത്രിക്ക് ഫോട്ടോ എടുക്കാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്ന മട്ടിലാണ് ആക്ഷേപങ്ങള്‍.  സൈന്യത്തിനെതിരെയും വിമര്‍ശനം. പിന്നാലെ സൈന്യം തന്നെ വിശദീകരണവുമായി രംഗത്തുവന്നു. അത് ലേ ജനറല്‍ ആശുപത്രിതന്നെ ആണെന്നും ട്രെയിനിങ് ഹാളായി ഉപയോഗിക്കുന്ന ഇടം കോവിഡ് കാലത്ത് ആശുപത്രി വാര്‍ഡാക്കിയതാണെന്നും വിശദീകരിച്ച്. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷത്തുനിന്ന് വന്ന പല വിമര്‍ശനങ്ങളുടെ തുടര്‍ച്ചയിലാണ് കൗണ്ടര്‍പോയന്റ് ഈ വിഷയത്തെ സമീപിക്കുന്നത്. നമ്മുടെ വീര സൈനികരെ കാണാനും പ്രചോദിപ്പിക്കാനുമായി പ്രധാനമന്ത്രി നടത്തിയ യാത്രയെ ഇത്രമാത്രം സംശയങ്ങളോടെ സമീപിക്കേണ്ടതുണ്ടോ?