ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാനം സജ്ജമോ? നാം ചെയ്യേണ്ടതെന്ത്?

ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കണോ എന്ന ചോദ്യത്തിന്റെ സമയം കഴിഞ്ഞു. കര്‍ശന നിയന്ത്രണത്തോടെ, സുരക്ഷാസംവിധാനങ്ങളോടെ ആരാധനാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കുകയാണ്. ശബരിമലയിലും ഗുരുവായൂരിലുമൊക്കെ നടപ്പാക്കാന്‍ പോകുന്ന സംവിധാനങ്ങളെക്കുറിച്ച് ദേവസ്വംമന്ത്രി ഇന്ന് വിശദീകരിച്ചു. നിയന്ത്രണങ്ങളോടെ തുറക്കാന്‍ സജ്ജമാണെന്ന് വിവിധ മത അധികൃതരും വ്യക്തമാക്കി. തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് അടക്കം ചില ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കുന്നില്ലെന്ന് ഇന്നലെയേ അറിയിച്ചു. കോവിഡ് വ്യാപനം തീരുംവരെ തുറക്കുന്നില്ലെന്ന് എറണാകുളം ജില്ലയിലെ മുഴുവന്‍ മുസ്‌ലിം പള്ളികളും തീരുമാനിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്കും ആരാധനയ്ക്ക് അവസരംവേണമെന്ന ആവശ്യവും മറുകോണില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ തീരുമാനങ്ങളെല്ലാം വരുമ്പോഴും കോവിഡ് കണക്കുകള്‍ മുകളിലേക്കുതന്നെയാണ്. പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് തീവ്ര പ്രദേശങ്ങളില്‍നിന്ന് ഈ ദിവസങ്ങളില്‍ എത്താനുമിരിക്കുന്നു. അപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ ഓരോരുത്തരും ചിന്തിക്കേണ്ടതെന്ത്? എടുക്കേണ്ട തീരുമാനമെന്ത്?