മോദിയുടെ രണ്ടാം വരവില്‍ രാജ്യം എന്തു നേടി; കോവിഡിനെ ജയിക്കുമോ?

കോവിഡ് മഹാമാരി രാജ്യത്ത് പിടിമുറുക്കുമ്പോളാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികമെത്തുന്നത്  രാജ്യം അടച്ചിട്ട് അറുപത്തിയേഴാം ദിവസത്തില്‍ 1,73,763 കോവിഡ് രോഗികളും 4971  മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ലോക്ഡൗണില്‍ വിപുലമായ ഇളവുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.  67 ദിവസം നീണ്ട ലോക്ഡൗണ്‍ എന്തു തന്നു രാജ്യത്തിന് എന്നതു തന്നെയാണ് മോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ഉയരുന്ന പ്രധാന ചോദ്യം.   

ഞെരുക്കത്തിലായ സമ്പദ്്വ്യവസ്ഥയാണ്  മഹാമരി പടര്‍ന്നുപിടിക്കുമ്പോള്‍ രാജ്യം തുറക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്.  വിഭജനശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടപ്പലയാനം അതിഥി തൊഴിലാളികളുടെ രൂപത്തില്‍ രാജ്യം കണ്ടു  ഈ ലോക്ഡൗണ്‍ കാലത്ത് . സര്‍ക്കാര്‍ അവര്‍ക്കായി ഏര്‍പ്പെടുത്തിയ ട്രെയിനുകളിലും കിലോമീറ്ററുകള്‍ താണ്ടിയുള്ള കാല്‍നടയാത്രയിലുമായി നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സുരക്ഷിതമാണെന്ന് ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്കയച്ച കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വയംപര്യാപ്ത ഭാരതമെന്നത് ആവര്‍ത്തിക്കുന്നു. മഹാമാരിയോട് മോദി സര്‍ക്കാര്‍ പൊരുതിജയിക്കുമോ?