ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാന്‍ ഏതാണ് നല്ലനേരം?

ഡല്‍ഹി കലാപത്തിന്റെ പേരില്‍ അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ടശേഷം സോണിയാഗാന്ധി പറഞ്ഞതാണ് ഈ കേട്ടത്. കലാപത്തിന് അമിത് ഷാ ഉത്തരം പറയണമെങ്കില്‍ അതെങ്ങനെയാകണം? ഡല്‍ഹി കത്തുമ്പോള്‍ ഇടപെടാതെ നോക്കിനിന്നതിന് ഭരണകൂടം എന്തുത്തരം പറയണം? വലിയ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞ സമയത്ത് പിന്നെയും ഉണ്ടാകുന്നു പുതിയ വലിയ ചോദ്യങ്ങള്‍. എന്തുകൊണ്ടാണ് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജിന് ആ രാത്രി തന്നെ സ്ഥലംമാറ്റ ഉത്തരവ് കിട്ടുന്നത്? ജസ്റ്റിസ് മുരളീധര്‍ കേട്ട് ഉത്തരവിറക്കിയ കേസ് തൊട്ടടുത്ത ദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് പോകുമ്പോള്‍ കോടതിയുടെ സമീപനം മാറുന്നുവോ? അനുരാഗ് ഠാക്കൂര്‍ അടക്കം വിദ്വേഷപ്രസംഗം നടത്തിയവര്‍ക്കെതിരെ കേസിന് സര്‍ക്കാര്‍ കാത്തിരിക്കുന്ന സമയമേതാണ്?