ട്രംപിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനം; 'നമസ്തേ ട്രംപ്' നമുക്കെന്ത് തരും?

  എയര്‍ഫോഴ്സ് വണ്‍ പറന്നുയര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിന് ഇനി ഒരു രാത്രിയുടെ അകലം മാത്രം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ട്രംപും ഒരേ വേദിയിലെത്തുന്ന നമസ്തേ ട്രംപ് പരിപാടിയക്കായി അഹമ്മദബാദ് നഗരം സര്‍വസജ്ജമായി.  ഹൂസ്ററണില്‍ നടന്ന ഹൗഡി മോഡി പരിപാടിയുടെ ഇന്ത്യന്‍ പതിപ്പാണ് നമസ്തേ ട്രംപ് എന്നാണ് സൂചന. അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 'നമസ്തേ ട്രംപ്' പരിപാടി സംഘടിപ്പിക്കുന്നത് സർക്കാരല്ല, ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി എന്ന സംഘടനയാണെന്ന്  വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു.  അഹമ്മദബാദില്‍ തന്നെ സ്വീകരിക്കാന്‍  70 ലക്ഷം പേരെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായിപ്പോലും അവകാശപ്പെട്ട പ്രസിഡന്‍റ് ഏറെ ആവേശത്തോടെയാണ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്.  

ബൗദ്ധിക സ്വത്തവകാശം, വ്യാപാര സൗകര്യം, ആഭ്യന്തര സുരക്ഷ തുടങ്ങിയവയിലുൾപ്പെടെ 5 ധാരണാപത്രങ്ങൾ ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കും.  എന്നാല്‍ ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതിച്ചുങ്കത്തില്‌ അതൃപ്തനായ പ്രസിഡന്‍റ് വ്യാപാരകരാറുകളിലൊന്നും ഒപ്പുവയ്ക്കില്ല.  നമസ്തേ ട്രംപ് നമുക്കെന്ത് തരും ?