പൗരത്വ ഭേദഗതിയെ സുപ്രീംകോടതി സമീപിച്ചതെങ്ങനെ?

പൗരത്വനിയമഭേദഗതിക്കെതിരായ 144 ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തുമ്പോള്‍ സുപ്രീംകോടതി എന്തുപറയും? ആ ആകാംക്ഷയ്ക്ക് ഇതാണുത്തരം. നിയമഭേദഗതിക്ക് സ്റ്റേയില്ല. ഇടക്കാല ഉത്തരവ് ഇപ്പോഴില്ല. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി വിസമ്മതിച്ചു. കേന്ദ്രം സത്യവാങ്മൂലം നല്‍കാതെ ഇടക്കാല ഉത്തരവ് പറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കി. ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യത്തോട് ചീഫ്ജസ്റ്റിസ് അനുകൂലമായി പ്രതികരിച്ചു. അസം–ത്രിപുര ഹര്‍ജികള്‍ വേറെത്തന്നെ പരിഗണിക്കും. 

ഇത്രയുമാണ് ഒരുമണിക്കൂര്‍ നീണ്ട വാദത്തിനിടെ കോടതിയിലുണ്ടായത്. ശേഷമുള്ള പ്രതികരണങ്ങളോ? സ്റ്റേ ആവശ്യം ഉന്നയിച്ചില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഭരണഘടനാപ്രശ്നങ്ങള്‍ കോടതി തിരിച്ചറിഞ്ഞെന്ന് രമേശ് ചെന്നിത്തല. ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തി പ്രതിപക്ഷം സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അപ്പോള്‍ ചോദ്യമിതാണ്. രാജ്യമാകെ പ്രതിഷേധത്തിരകള്‍ ഉയര്‍ത്തിയ ഈ നിയമഭേദഗതിയെ സുപ്രീംകോടതി സമീപിച്ചതെങ്ങനെയാണ്? നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണ്?