ആഗ്രഹിക്കുംപോലെ സെൻസസ് ചോദ്യാവലി മാറ്റാമോ?

പൗരത്വനിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതുമുതല്‍ മറ്റ് സംസ്ഥാനങ്ങള്‍ സഞ്ചരിക്കുന്ന പാതയിലല്ല കേരളം. നിയമത്തിനെതിരെ പ്രമേയം പാസാക്കി. ഈവിഷയത്തില്‍ ഇതാദ്യമായി ഒരു സംസ്ഥാനം കേന്ദ്രത്തിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ അത് കേരള സര്‍ക്കാര്‍. സെന്‍സസ് 2021ഉം എന്‍പിആറും നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം യോഗം വിളിച്ചപ്പോള്‍ ബംഗാള്‍ പോയതേയില്ല. കേരളസര്‍ക്കാര്‍ ചെന്ന് ഇതേ നിലപാട് ആവര്‍ത്തിച്ചു ആശങ്ക തീരാതെ എന്‍പിആര്‍ അഥവാ ജനസംഖ്യാ റജിസ്റ്റര്‍ നടപ്പാക്കില്ല.

ഇന്ന് അക്കാര്യം കുറേക്കൂടി വ്യക്തതയോടെ പറയുന്നു സര്‍ക്കാര്‍. എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ല. സെന്‍സസിനോട് സഹകരിക്കും, പക്ഷെ ജനനതീയതിയും അച്ഛനമ്മമാരുടെ വിശദാംശങ്ങളും സംബന്ധിച്ച രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കിയശേഷം മാത്രം. അങ്ങനെപോലും സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പക്ഷെ പ്രധാനചോദ്യം, സംസ്ഥാനം ആഗ്രഹിക്കുംപോലെ സെന്‍സസ് ചോദ്യാവലിയും നടപടികളും മാറ്റുക സാധ്യമോ? അങ്ങനെ മാറ്റിയാല്‍ തീരുന്നതോ ആശങ്കകള്‍?