എന്തു തെറ്റിനാണ് ഈ പഴികേള്‍ക്കുന്നത് മാധ്യമങ്ങള്‍?

ഒരു മുന്നറിയിപ്പും ജനത്തിന് കിട്ടാതെ എത്തിയ ഓഖി സമാനതയില്ലാത്ത ദുരിതം വിതച്ച് കേരളത്തില്‍നിന്ന് മടങ്ങി. പക്ഷെ തീരദേശത്തിനിപ്പോഴും കണ്ണീരിന്റെ നേരമാണ്. ഇരുന്നൂറിലേറെപ്പേരെയെങ്കിലും ഇനിയും കണ്ടുകിട്ടാനുണ്ട്. ഓഖി ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും നീങ്ങിയപ്പോള്‍ ഈ ആശങ്കയ്ക്കൊപ്പം ബാക്കിയാകുന്നത് രാഷ്ട്രീയ ചേരിപ്പോരുമാത്രമല്ല. മാധ്യമങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണംകൂടിയാണ്. 

ദൃശ്യമാധ്യമകാലത്തെ ആശങ്ക കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ് എന്നാണ് ഡോ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. തീര്‍ന്നില്ല, മാധ്യമങ്ങള്‍ കെട്ടഴിച്ചുവിട്ടു വിവാദ കൊടുങ്കാറ്റ്, ആശങ്ക ആളിക്കത്തിച്ചു അങ്ങനെ നിരവധിയാണ് ഗെറ്റ് ലോസ്റ്റ് മീഡിയ ലയേഴ്സ് എന്ന ഹാഷ്ടാഗില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപങ്ങള്‍. ഓഖി ദിനങ്ങളില്‍ എന്തു തെറ്റിനാണ് ഈ പഴികേള്‍ക്കുന്നത് മാധ്യമങ്ങള്‍? 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് 

 വസ്തുതകളാണ് ഈ ദിവസങ്ങളിലെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. കൃത്യമായ സമയത്ത് കിട്ടാത്ത മുന്നറിയിപ്പിനെത്തുടര്‍ന്ന് കാറ്റിലും മഴയിലും പെട്ടുപോയ ആയിരങ്ങളുടെ ആശങ്ക. കൃത്യമായ സമയത്ത് വിവരം കൈമാറാതിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഗുരുതര പാളിച്ച. നെഞ്ചത്തടിച്ച് കരയുന്ന പാവങ്ങളുടെ അടുത്തൊന്ന് പോവാനുള്ള മനസ് തോന്നാത്ത ഭരണാധികാരികളുടെ നിസംഗത. ആ സത്യങ്ങള്‍ പറയരുതെന്നാണ് ഈ വിമര്‍ശകര്‍ പറയുന്നതെങ്കില്‍ ഒന്നേയുള്ളു അര്‍ഥം. ആ സത്യങ്ങള്‍, ആ വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു പലരെയും.