കൊല്ലം പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന പേരിൽ തട്ടുകട ജീവനക്കാരനെ മർദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊള്ളി നിയാസെന്ന് അറിയപ്പെടുന്ന നിയാസാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത് .
പെരുമ്പുഴ ആലുമൂടുള്ള ടീ മേറ്റ് തട്ടുകടയ്ക്ക് നേരേയാണ് രണ്ടാഴ്ച മുൻപ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ രണ്ടംഗ സംഘം ചായക്കൊപ്പം പരിപ്പ് വട വാങ്ങി, തുടർന്ന് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തർക്കിച്ചു. തർക്കത്തിനൊടുവിൽ കടയിലെ ജീവനക്കാരനായ മോഹനനെ അക്രമിച്ചു. കടയിലുയുണ്ടായിരുന്ന പരിപ്പ് വടയും മറ്റ് സാധനങ്ങളും റോഡിലേക്ക് വാരിയെറിയുകയും ചെയ്തു. കൊള്ളി നിയാസിന്റെ കുത്തേറ്റ് കടയുടമയുടെ കൈക്ക് പരിക്കേറ്റു.
ഒളിവിൽ കഴിയവേയാണ് കേസിലെ മുഖ്യപ്രതി കൊള്ളി നിയാസിനെ കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അന്നേദിവസം കൊട്ടിയത്ത് വീടുകയറി ആക്രമണം നടത്തിയ കേസിലും നിയാസ് പ്രതിയാണ്.