ജയിലിലെ സൗഹൃദത്തിൽ പിറന്ന ലഹരി ശൃംഖല കേരളത്തിലെത്തിച്ചത് കോടികൾ വിലമതിക്കുന്ന രാസലഹരിയെന്ന് പൊലീസ് അന്വേഷണം. വഞ്ചനക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പെരുമ്പാവൂർ സ്വദേശി സൈനുൽ ആബിദീൻ, ലഹരിക്കേസിൽ ജയിലിലായ കാസർകോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ, ലഹരിക്കടത്ത് കേസിൽപ്പെട്ട ഘാന സ്വദേശി വിക്ടർ ഡിസാബ്—ഇവരുടെ പരിചയമാണ് പിന്നീട് ലഹരി ഇടപാടുകളിലേക്ക് വളർന്നത്.
Also Read: ഗുണശേഖരന് നിരവധി സ്ത്രീകളുമായി ബന്ധം, കാമുകിക്കൊപ്പം മുറിയെടുത്തു; സുഹൃത്തിന് അസൂയ, ഭാര്യയെ അറിയിച്ചു
കണ്ണൂർ സെൻട്രൽ ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്താണ് ബന്ധത്തിന്‍റെ തുടക്കം. ജയിൽമോചിതരായ ശേഷവും ഇവർ സൗഹൃദം തുടർന്നു. പിന്നീട് കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന കണ്ണികളായി ഇവർ മാറിയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ലഹരിക്കേസിൽ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ വിക്ടർ ഡിസാബിനെ കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിലേക്കാണ് മാറ്റിയത്. ഇതൊന്നും സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമായില്ലെന്നാണ് പൊലീസ് പറയുന്നത്. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളിലൂടെ വിക്ടർ ആശയവിനിമയം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
കേരളത്തിൽനിന്ന് നേരിട്ട് ലഹരി ശേഖരിക്കാൻ കഴിയാതെ വന്നതോടെ വിക്ടർ നോയിഡയിലെ ബന്ധങ്ങൾ വീണ്ടും സജീവമാക്കി. അവിടെയുണ്ടായിരുന്ന അടുത്ത സുഹൃത്തായ ഐവറി കോസ്റ്റ് സ്വദേശി ജീൻ പിയറി സേരിയെ ബന്ധപ്പെട്ടു. നോയിഡയിൽനിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കാനുള്ള ചുമതല ജീൻ പിയറി സേരിക്കായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരി വാങ്ങുന്നതിനുള്ള പണത്തിന്റെ വഴിയും വിക്ടർ ഒരുക്കിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. മിസോറം സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ വിക്ടർ അനുമതി സമ്പാദിച്ചു.
പെരുമ്പാവൂരിൽനിന്ന് സൈനുൽ ആബിദീൻ ഭാര്യയുടെ അക്കൗണ്ട് വഴിയും ഓൺലൈൻ ട്രാൻസ്ഫർ വഴിയും ലക്ഷക്കണക്കിന് രൂപ ഈ അക്കൗണ്ടിലേക്ക് അയച്ചു. അക്കൗണ്ടിൽ പണമെത്തിയാൽ ഉടൻ ജീൻ പിയറി സേരിയുടെ ആളുകൾ ഇടപാടിൽ സജീവമാകും. നോയിഡയിലെ വിവിധ എ.ടി.എമ്മുകൾ വഴി പണം പിൻവലിക്കുകയായിരുന്നു രീതി. അക്കൗണ്ടിൽ പണമെത്തിയതിന് പിന്നാലെ തന്നെ പണം പിൻവലിക്കുന്ന രീതിയിലായിരുന്നു ഇടപാടുകളെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പണം കൈമാറിയാൽ അടുത്ത ഘട്ടം എം.ഡി.എം.എ കേരളത്തിലെത്തിക്കുകയായിരുന്നു. നോയിഡയിൽനിന്ന് വാങ്ങുന്ന രാസലഹരി കേരളത്തിലെത്തിക്കാൻ കാരിയർ ശൃംഖലയും സംഘം സജ്ജമാക്കിയിരുന്നു. കാസർകോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ ബെംഗളൂരുവിൽവച്ച് പരിചയപ്പെട്ട ബംഗാൾ സ്വദേശിനി റൂബിയ ബീഗം എന്ന റിയ ഖാനും ആഗ്ര സ്വദേശി വിഷ്ണു കുമാറുമായിരുന്നു പ്രധാന കാരിയർമാരെന്നാണ് പൊലീസ് പറയുന്നത്.
ട്രെയിനിലും റോഡ് മാർഗവും മാറിമാറി സഞ്ചരിച്ചാണ് ഇവർ ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നും എം.ഡി.എം.എ കേരളത്തിലെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഓഗസ്റ്റ് ആദ്യവാരത്തിൽ നോയിഡയിൽനിന്ന് ഇവർ വലിയൊരു ലഹരിശേഖരം കേരളത്തിലെത്തിച്ചു. സൈനുൽ ആബിദീന്റെ നിർദേശപ്രകാരം ഇതിൽനിന്ന് 140 ഗ്രാം എം.ഡി.എം.എ കാസർകോട്ടുള്ള മുഹമ്മദ് സാബിറിന് കൈമാറാൻ കാരിയർമാരെ ചുമതലപ്പെടുത്തി. അബ്ദുൽ സലാം, മുഹമ്മദ് ഹുസൈൻ, അബ്ബാസ് എന്നിവരായിരുന്നു കാരിയർമാർ. കെ.എൽ. 40 ഡബ്ല്യു 6051 നമ്പർ കാറിൽ കാസർകോട്ടേക്ക് തിരിച്ച സംഘത്തിന്റെ യാത്ര പക്ഷേ കാളിക്കടവിൽ അവസാനിച്ചു.
ഓഗസ്റ്റ് 9. പുലർച്ചെ 7.50.
പിലിക്കോട് കാളിക്കടവിൽ ദേശീയപാത സർവീസ് റോഡിൽ ചന്തേര പൊലീസ് വാഹനം തടഞ്ഞു. പരിശോധനയിൽ ഡാഷ്‌ബോർഡിൽനിന്നും പ്രതികളുടെ പോക്കറ്റുകളിൽ നിന്നുമായി 139.29 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്നുള്ള മൊബൈൽ ഫോൺ, വാട്‌സ്ആപ്പ് പരിശോധനയിലാണ് ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്ന വലിയൊരു ശൃംഖലയുടെ കണ്ണികളാണ് ഇവരെ പിടികൂടിയതിലൂടെ പൊലീസ് മുറിച്ചത്.