കോഴിക്കോട് കൊടുവള്ളിയിലെ 12 കാരനെ മോഷണകുറ്റം ചുമത്തി കമ്പി കൊണ്ടും വയറിങ് കേബിള്‍ ഉപയോഗിച്ചും മര്‍ദിച്ചെന്ന് സഹോദരന്‍ മനോരമ ന്യൂസിനോട്. കയ്യിലും കാലിലും അടി കിട്ടിയതിന്‍റെ പാടുകള്‍ ഉണ്ട്. മുറിവുകളില്‍ കാന്താരി മുളക് അരച്ച് തേക്കുകയും ചെയ്തു. പീഡനങ്ങളെല്ലാം ചെയ്തത് പിതൃസഹോദരനും മകനും ചേര്‍ന്നാണ്. ഇതിന് അവരുടെ ഭാര്യ എല്ലാ സഹായവും നല്‍കി. കേസില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സഹോദരന്‍ പറഞ്ഞു.
Also read: വാച്ച് മോഷ്ടിച്ചെന്ന് ആരോപണം; 12കാരന്റെ സ്വകാര്യഭാഗത്തും കണ്ണിലും മുളകുപൊടി തേച്ചു
കേസില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് കാലതാമസം വരുത്തിയെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.സംഭവത്തില്‍ കേസെടുത്തപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം. കുട്ടിയുടെ പിതൃ സഹോദരൻ, ഭാര്യ, മകൻ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരുടെ ബന്ധുവീടുകളിൽ അടക്കം പൊലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഇവരുടെ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ് ആണ്. ആ മേഖല വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്തും കണ്ണിലും മുളകുപൊടി തേച്ചതായും, മുറിവുകളിലും മുളകുപൊടി തേച്ചതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. നഖത്തില്‍ ഈര്‍ക്കില്‍ കുത്തിക്കയറ്റിയതായും പരാതിയില്‍ പറയുന്നു. കൈകാലുകൾ കെട്ടിയിട്ട് ആയിരുന്നു പീഡനമെന്നും രക്ഷപ്പെട്ടത് അതിസാഹസികമായാണെന്നും കുട്ടിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.