എഐ നിര്‍മിത പ്രതീകാത്മക ചിത്രം
കർണാടകയിലെ ധാർവാഡിലുള്ള ഒരു അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ മണിക്കൂറുകളോളം ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ ബലമായി തുറന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അകത്ത് 45-കാരനായ അനസ്തറ്റിസ്റ്റ് ഡോ. കിരൺ ഹൊനാന്നാവറെ രക്തത്തിൽ കുളിച്ച നിലയിൽ തറയിൽ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ എട്ടുവയസ്സുകാരനായ മകൻ മറ്റൊരു മുറിയിൽ പരുക്കേറ്റ നിലയില്‍. ഡോക്ടർ കൂടിയായ കുട്ടിയുടെ അമ്മ ഈ സമയം കട്ടിലിൽ കിടന്ന് ഫോണിൽ നോക്കുകയായിരുന്നു!
തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 435 കിലോമീറ്റർ അകലെയുള്ള ധാർവാഡിലെ കർണാടക യൂണിവേഴ്സിറ്റി റോഡിലുള്ള റങ്ക സ്റ്റെല്ലോ അപ്പാർട്ട്മെന്റിൽ അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് ഡോ. ഹൊനാന്നാവറുടെ കഴുത്തിൽ മാരകമായ കുത്തേറ്റ മുറിവുകൾ കണ്ടെത്തി. മകന് ഗുരുതരമായി കുത്തേറ്റ പരുക്കുകളുണ്ടായിരുന്നെങ്കിലും ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനാല്‍ ചികില്‍സയിലാണ്. നേത്രരോഗ വിദഗ്ധയായ ഡോ. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ പുറത്തുനിന്നാരും അപ്പാര്‍ട്ട്മെന്‍റില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. അത്യാധുനിക സുരക്ഷയുള്ള അപ്പാർട്ട്മെന്റിൽ സംഭവസമയത്ത് ദമ്പതികളും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.
വീടിനുള്ളിൽ നിന്നുള്ള ഒരു വിഡിയോയിൽ, ഡോ. ഹൊനാന്നാവർ ഒരു മുറിയിൽ ഷർട്ട് ധരിക്കാതെ കമിഴ്ന്നു കിടന്ന് മരിച്ച നിലയിൽ കാണാം. മറ്റൊരു മുറിയെന്ന് തോന്നിക്കുന്ന സ്ഥലത്ത് മകൻ തറയിൽ കിടക്കുന്നത് കാണാം. ഡോ. പ്രിയങ്ക ഇതേ മുറിയിൽ കട്ടിലിൽ കിടന്ന് ഫോൺ ഉപയോഗിക്കുന്നതും കാണാം. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഡോ. ഹൊനാന്നാവറെ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കമ്മീഷണർ പറയുന്നതനുസരിച്ച്, ഫോൺ എടുത്ത ഡോ. പ്രിയങ്ക പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. ആദ്യം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് അദ്ദേഹം പുറത്തുപോയെന്നും പറഞ്ഞു. ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബാംഗങ്ങൾ അപ്പാർട്ട്മെന്റ് സന്ദർശിക്കുകയും ഞെട്ടിക്കുന്ന കാഴ്ച കാണുകയുമായിരുന്നു. ഭാര്യ ഇപ്പോഴും കടുത്ത ആഘാതത്തിലാണെന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ഇരു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുകയും വരുന്നു. സബർബൻ പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കുടുംബവഴക്കുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും കൃത്യമായ കാരണം കണ്ടെത്താത്തതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണ്. മകന്‍ ഓട്ടിസം ബാധിതനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അയൽക്കാരുമായും എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.