കണ്ണൂർ വാണിയപ്പാറയിലെ ദുരൂഹമായ കല്ലറ തുറന്നു പരിശോധിക്കണമെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ. ദുരൂഹതകൾ നീങ്ങിയിട്ടില്ലെന്നും പള്ളിക്ക് കൂടി കാര്യങ്ങൾ ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പള്ളി അധികാരികള്‍ പരാതി തന്നാല്‍ കല്ലറ തുറക്കുന്നത് പരിശോധിക്കുമെന്ന് കരിക്കോട്ടക്കരി പൊലീസ് വ്യക്തമാക്കി.  

 

വാണിയപ്പാറ ഇൻഫന്റ് ജീസസ് ഉണ്ണി മിശിഹാ പള്ളിയിലെ 38 ആം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിക്കുന്നില്ല. സംശയങ്ങൾ ഏറെ ബാക്കിയാണ് പള്ളി അധികൃതർക്ക്. ഒരു കല്ലറയിൽ രണ്ടു മൃതദേഹങ്ങൾ ഒരേസമയം വരില്ല എന്ന് തന്നെയാണ് പള്ളി വികാരിയും മറ്റു അധികൃതരും വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. അതിന് കല്ലറ തുറന്നു തന്നെ പരിശോധിക്കണം. പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി

 

.2006 ൽ മരിച്ച റോസമ്മയുടെ മൃതദേഹമാണ് പായിൽ പൊതിഞ്ഞത് എന്നും ശവപ്പെട്ടി കാണുന്നത് 2015 ൽ സംസ്കരിച്ച ജെയിംസ് എന്ന ആളുടെതാണ് എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. 2019ൽ കല്ലറ നവീകരിച്ച ശേഷം കല്ലറകൾക്ക് പുതിയ നമ്പറുകൾ നൽകിയിരുന്നെന്നും ആശയക്കുഴപ്പമുണ്ടാക്കിയത് നമ്പറുകളിലെ മാറ്റമാണ് എന്നും പൊലീസ് പറയുന്നു. പരാതി നല്‍കിയാല്‍ എഫ്ഐആറിട്ട് തുടര്‍നടപടി സ്വീകരിക്കുമെന്ന് നിലപാടാണ് പൊലീസിന്. 

 

നേരത്തെ ആരെ അടക്കം ചെയ്ത കല്ലറയാണെന്ന സംശയം ദൂരീകരിക്കാന്‍ 2015ല്‍ അടക്കം ചെയ്ത ജെയിംസിന്‍റെ ഭാര്യയെ പൊലീസ് വിളിച്ചുവരുത്തി കല്ലറ ജയിംസിന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ക്രിസ്തീയ ആചാരപ്രകാരം ഒരു കല്ലറയിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ ഉണ്ടാകാറില്ലാത്തതാണ് സംശയം നിലനിർത്തുന്നത് 

ENGLISH SUMMARY:

Malayala Manorama Online News reports on the mysterious case of a church grave in Vaniyappara, Kannur, where local parish authorities are demanding a forensic opening to verify if two bodies were buried in a single tomb. While the police attribute the confusion to a tomb renumbering process in 2019, the church committee remains skeptical and insists on a thorough investigation to clear the doubts.