Untitled design - 1

ഡല്‍ഹി വസുന്ധര എന്‍ക്ലേവില്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളെ ബംഗാളില്‍നിന്ന് അറസ്റ്റ് ചെയ്തു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗാളിലെ ബർധമാനിൽ അധ്യാപികയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് പ്രതികള്‍.

1,400 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കൊലപാതകം. ഡൽഹി ശിവാജി കോളജിലെ അധ്യാപിക ദേവസ്മിത പോളിന്റെ അരുംകൊലപാതകത്തിന്‍റെ ചുരുള്‍ അഴിച്ച് ഡല്‍ഹി പൊലീസ്. ദേവസ്മിതയ്ക്ക് ബംഗാളിലിലെ ബര്‍ധമാനിലുണ്ടായിരുന്ന വീട് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദമ്പതികൾ ദേവസ്മിതയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന ദേവസ്മിത വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. 

മാസ്ക് ധരിച്ചെത്തിയ പ്രതികള്‍ സൗഹൃദം ഭാവിച്ചുവീടിനുള്ളിൽ കയറി. വാക്ക് തർക്കത്തിനിടെ മൂർച്ചയുള്ള ആയുധംകൊണ്ട് ദേവസ്മിതയുടെ തലയ്ക്കടിച്ചുവീഴ്ത്തി. മരിച്ചു എന്ന് ഉറപ്പാക്കിയാണ് പ്രതികള്‍ ഫ്ലാറ്റ് വിട്ടത്.  കൊലപാതകത്തിന് പിന്നാലെ വസ്ത്രങ്ങൾ മാറിയ ശേഷം അരമണിക്കൂറിനുള്ളിൽ ഇവർ വന്ന കാറിൽ തന്നെ സ്ഥലം വിട്ടു. ഈ കാറിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വർധമാനിൽ മുത്തശ്ഛന്റെ പേരിലുണ്ടായിരുന്ന കുടുംബ വസ്തു ദേവസ്മിതയ്ക്കാണ് ലഭിച്ചത്. കോടികൾ വിലയുള്ള ഈ കെട്ടിടത്തിൽ വർഷങ്ങളായി താമസിക്കുന്ന ദമ്പതികളോട് വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് ഇവർ കർശനമായി പറഞ്ഞിരുന്നു. എന്നാൽ, ഈ വസ്തു കൈക്കലാക്കാൻ ലക്ഷ്യമിട്ട ദമ്പതികൾ വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ അമ്മയുമായി ഫോണിൽ സംസാരിച്ച ദേവസ്മിതയെ പിന്നീട് ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് സഹോദരി ദേവരതിയാണ് ഫ്ലാറ്റിൽ തിരക്കിയെത്തിയത്. വാതിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകർത്ത് അകത്തു കയറി നോക്കിയപ്പോൾ തലയിൽ ആഴത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന ദേവസ്മിതയെയാണു കണ്ടത്. വീട്ടില്‍നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ട നിലയില്‍ കണ്ടെത്താത്തിനാല്‍ കവര്‍ച്ചയല്ലെന്നും അതിക്രമിച്ച് കയറിയതല്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

ENGLISH SUMMARY:

Delhi teacher murder case in Vasundhara Enclave has led to the arrest of a couple from West Bengal. The motive appears to be a property dispute, as the couple was reportedly residing in the victim's house in Bardhaman.