കണ്ണൂർ ഇരിക്കൂരില്‍ വിവാഹിതയായ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവിന്‍റെ കുടുംബം. ഇരിക്കൂർ തട്ടുപറമ്പ് സ്വദേശി മർജാന പർവീന്‍ മരിക്കുന്നതിന് തൊട്ട് മുന്‍പ് വന്ന ഫോണ്‍ കോളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
ജീവനൊടുക്കേണ്ട ഒരു സാഹചര്യവും മര്‍ജാനയ്ക്ക് ഉണ്ടായിരുന്നില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഇരിക്കൂർ പൊലീസിൽ പരാതി നൽകി. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മര്‍ജാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത് മെയ് അഞ്ചിനായിരുന്നു. രാത്രിയായിരുന്നു മരണം. രാത്രി റൂമിലേയ്ക്ക് പോകുന്നത് വരെ മര്‍ജാനയ്ക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഭക്ഷണം കഴിച്ച് ഫോണില്‍ സംസാരിച്ചാണ് മുറിയിലേയ്ക്ക് പോയത്. പിന്നീട് പുറത്തുകാണാതായതോടെ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ കണ്ടത് നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇരിക്കൂര്‍ സ്വദേശിയായ മറ്റൊരാള്‍ മര്‍ജാനയുടെ ഫോണിലേയ്ക്ക് നിരന്തരം വിളിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.
വിദേശത്തായിരുന്ന ഭര്‍ത്താവ് അഫ്നാസ് മരണ വിവരമറിഞ്ഞാണ് നാട്ടിലെത്തിയത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്‍റെ വിമര്‍ശനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഇരിക്കൂര്‍ പൊലീസ് മര്‍ജാനയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരുന്നെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം.