AI Image
തൃശൂര്‍ അവിണിശേരിയില്‍ പത്തൊന്‍പതുകാരനായ പ്ലസ്ടു വിദ്യാര്‍ഥിയുടെ വീട്ടില്‍ സ്ഥിരമായി വിദ്യാര്‍ഥികള്‍ വരുന്നുണ്ടെന്ന് ലഹരിവിരുദ്ധ സേനയ്ക്കു അജ്ഞാത സന്ദേശം കിട്ടി. സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ വീടിനു സമീപം നിരീക്ഷണത്തിനായി നിന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം വീട്ടില്‍ക്കയറി. പ്ലസ്ടു വിദ്യാര്‍ഥി കഞ്ചാവ് വലിക്കുന്നതായി സമ്മതിച്ചു. വില്‍പനയില്ലെന്ന് പറഞ്ഞു. എന്തിനാണ് വിദ്യാര്‍ഥികള്‍ ഇവിടെ വരുന്നതെന്ന് ചോദിച്ചപ്പോള്‍ സുഹൃത്തുക്കളാണെന്നായിരുന്നു മറുപടി.
അച്ഛനും അമ്മയും ജോലിയ്ക്കു പോകുമ്പോഴാണ് വീട്ടില്‍ വിദ്യാര്‍ഥികള്‍ വന്നിരുന്നത്. അവരും ഈ വീട്ടില്‍ വന്ന് കഞ്ചാവ് വലിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. കഞ്ചാവ് പിടികൂടാന്‍ കഴിയാതെ പൊലീസ് മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഗാലറിയില്‍ അതാ കഞ്ചാവ് ചെടികളുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള്‍. ഇതെവിടുത്തെയാണെന്ന് പൊലീസ് ചോദിച്ചു. ആദ്യം പറഞ്ഞു. ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ‍് ചെയ്തതാണെന്ന്. പിന്നെ പറഞ്ഞു, സ്കൂള്‍ പരിസരത്തെ വഴിയരികിലാണെന്ന്. പന്ത് കളിക്കാന്‍ പോകുന്ന മൈതാനത്തിനു സമീപമെന്ന് മാറ്റിപ്പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ചിത്രം പരിശോധിച്ചപ്പോള്‍ വീട്ടുവളപ്പാണെന്ന് ഏകദേശം സൂചന കിട്ടി.
ഇരുപതുസെന്‍റ് ഭൂമിയുണ്ട്. അവിടെ അരിച്ചുപ്പെറുക്കി പരിശോധിച്ചു. അതാ നില്‍ക്കുന്നു പതിമൂന്ന് കഞ്ചാവ് ചെടികള്‍. കയ്യോടെ യുവാവിനെ അറസ്റ്റ് ചെയ്തു. ആദ്യമായാണ ്പിടിക്കപ്പെടുന്നത്. സ്ഥിരമായി കഞ്ചാവ് വലിക്കുമായിരുന്നു. അച്ഛനും അമ്മയും നിസാഹയരായിരുന്നു. മകനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കഞ്ചാവിന്‍റെ വിത്ത് നട്ടുവളര്‍ത്തി കൃഷി ചെയ്യുന്നത് നിയമത്തിനു മുമ്പില്‍ വലിയ കുറ്റവുമാണ്. അരക്കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ പോലും ചിലപ്പോള്‍ ജാമ്യം കിട്ടും. ഇത് അങ്ങനെയല്ല. കഞ്ചാവ് കൃഷി ചെയ്യുന്നത് വലിയ കുറ്റവുമാണ്. നെടുപുഴ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കൂട്ടുകാരായ വിദ്യാര്‍ഥികളും വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വന്ന് കഞ്ചാവ് വലിക്കാറുണ്ടെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയ്ക്കു ശേഷമാകും തുടര്‍നടപടികള്‍. ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ച ശേഷം വ്യാപകമായി പൊലീസ് ഇത്തരം കേസുകള്‍ പിടിക്കുന്നുണ്ട്. രഹസ്യ വിവരങ്ങള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയാല്‍ ഉടന്‍ നടപടിയാണ്.